കര്‍ഷകനെ ജയിലിലടച്ച സംഭവം: ബാങ്കിന് മുന്നില്‍ ജനകീയസമരം തുടരുന്നു

പുല്‍പള്ളി: വായ്പാ കുടിശ്ശിക അടക്കാത്തതിന് ബാങ്ക് കൊടുത്ത കേസില്‍ കര്‍ഷകനെ ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജനകീയ കര്‍ഷക സംരക്ഷണ സമിതി കേരള ഗ്രാമീണ ബാങ്ക് ഇരുളം ശാഖക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുന്നു. 
ഇരുളം അങ്ങാടിശ്ശേരി മുളയാനിക്കല്‍ സുകുമാരനെയായിരുന്നു സുല്‍ത്താന്‍ ബത്തേരി സബ്കോടതി കഴിഞ്ഞ വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചത്. തന്‍െറ പേരിലുള്ള 75 സെന്‍റ് സ്ഥലം ബാങ്കിന് പണയപ്പെടുത്തി 1999ല്‍ സുകുമാരന്‍ 90,000 രൂപ വായ്പയെടുത്തിരുന്നു. കൃഷിനാശവും മൂന്ന് പെണ്‍മക്കളെ വിവാഹം ചെയ്തയച്ച സാമ്പത്തിക പരാധീനതയും മൂലം ബാങ്ക് വായ്പ തിരിച്ചടക്കാന്‍ സുകുമാരന് സാധിച്ചില്ല. 
മുതലും പലിശയും പിഴപ്പലിശയും മറ്റ് ചെലവുകളും സഹിതം 409955 രൂപ അടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ 2013ല്‍ സുകുമാരന് നോട്ടീസ് അയച്ചു. കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈടുനല്‍കിയ തന്‍െറ പേരിലുള്ള വസ്തു ഏറ്റെടുത്ത് വില്‍പന നടത്തി ബാധ്യത തീര്‍ക്കാന്‍ സുകുമാരന്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. 
എന്നാല്‍, കോടതി വിധിപ്രകാരം ഈ ഭൂമി 2013 സെപ്റ്റംബര്‍ 27 ന് സ്ഥലം ലേലത്തിന് വെച്ചിരുന്നെങ്കിലും ലേലംകൊള്ളാന്‍ ആരും തയാറായില്ല. ഈ സ്ഥലം ഉള്‍ക്കൊള്ളുന്ന പ്രദേശം കടുവാ സങ്കേതമായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് അധികൃതര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനാലാണ് വസ്തു ലേലത്തില്‍ പിടിക്കാന്‍ ആരും മുന്നോട്ടുവരാതിരുന്നത്. 
തുടര്‍ന്ന് സുകുമാരനെ തടങ്കലില്‍ പാര്‍പ്പിച്ച് വിധിക്കടം വസൂലാക്കണമെന്ന് ബാങ്ക് അധികൃതര്‍ വക്കീല്‍ മുഖേന 2013 ഒക്ടോബര്‍ ഒമ്പതിന് ബത്തേരി സബ്കോടതിയില്‍ വീണ്ടും പരാതി നല്‍കി. ഇതാണ് സുകുമാരന്‍െറ അറസ്റ്റിലേക്കും തടങ്കലിലേക്കും ഇടയാക്കിയത്.  
 സുകുമാരനെ തടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ നടപടികള്‍ ബാങ്ക് അധികൃതര്‍ സ്വീകരിക്കുന്നതുവരെ ബാങ്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ളെന്നാണ് ജനങ്ങളുടെ നിലപാട്.  ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ച ബാങ്ക് മാനേജര്‍ക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കണം. 
ചൊവ്വാഴ്ച രാവിലെ ബാങ്കിന് മുമ്പില്‍ നടന്ന ഉപരോധ സമരം എഫ്.ആര്‍.എഫ് ജില്ലാ ചെയര്‍മാന്‍ ശ്രീധരന്‍ കുയിലാനി ഉദ്ഘാടനം ചെയ്തു. എ.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ജില്ലാ പ്രസിഡന്‍റ് ടി.ബി. സുരേഷ്, ടി.ആര്‍. രവി, എസ്.ജി. സുകുമാരന്‍, എന്‍. മുകുന്ദന്‍, എന്‍. ജെ. ചാക്കോച്ചന്‍ എന്നിവര്‍ സംസാരിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.