ചോക്ലേറ്റ് നിത്യഹരിത നായകനെന്ന ഭാവങ്ങൾ മാറ്റിവെച്ച് പ്രേംനസീർ പുതിയ നായകനായി മാറിയ ചിത്രമാണ്. ചിത്രത്തിലെ ഉദയൻ എന്ന കഥാപാത്രം പ്രേംനസീറിന്റെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. കുട്ടിക്കാലം മുതൽ കൂട്ടുകൂടിയ ആ കഥാപാത്രം ഒരിക്കലും മനസിൽ നിന്നും മായില്ല.
കഥാപാത്രം: ഉദയൻ
അഭിനേതാവ്: പ്രേം നസീർ
സിനിമ: പടയോട്ടം (1982)
സംവിധാനം: ജിജോ പുന്നൂസ്
പോരാളിയായ കമ്യൂണിസ്റ്റുകാരനും ഭർത്താവും കാമുകനുമായി മുരളിയെന്ന നടൻ നിറഞ്ഞാടിയ കഥാപാത്രമാണ് ലാൽ സലാം എന്ന ചിത്രത്തിലെ സഖാവ് ഡി.കെ. സങ്കീർണതകൾ നിറഞ്ഞ കഥാപാത്രമാണ് സഖാവ് ഡി.കെ. മുരളി ആ കഥാപാത്രത്തെ മികവുറ്റതാക്കി.
കഥാപാത്രം: സഖാവ് ഡി.കെ
അഭിനേതാവ്: മുരളി
സിനിമ: ലാൽസലാം (1990)
സംവിധാനം: വേണു നാഗവള്ളി
സ്വന്തം മനസിൽ പോലും ഇടം നഷ്ടപ്പെടുമ്പോഴാണ് ചിലർ ആത്മഹത്യ ചെയ്യുന്നത്. കലൂർ രാമനാഥൻ ഭരതം എന്ന ചിത്രത്തിൽ ചെയ്തതും ഇത് തന്നെയാണ്. കലൂർ രാമനാഥനെ നെടുമുടി വേണു അനശ്വരമാക്കിയതിനാലാണ് ആ കഥാപാത്രം ഇന്നും മറക്കാനാവാത്തത്. മദ്യപാനമുണ്ടാക്കിയ വിപത്ത് മനസിനെയും അയാളുടെ പ്രതിഭയേയും കീഴടക്കിയപ്പോൾ രാമനാഥൻ ഇഷ്ടപ്പെട്ടവരുടെ ഹൃദയത്തിൽ നിന്നും ഇറങ്ങിപ്പോയി.
കഥാപാത്രം: കലൂർ രാമനാഥൻ
അഭിനേതാവ്: നെടുമുടി വേണു
സിനിമ: ഭരതം (1991)
സംവിധാനം: സിബി മലയിൽ
കുട്ടിക്കാലത്ത് മഞ്ഞിൽവിരിഞ്ഞ പൂവ് എന്ന സിനിമ കണ്ടപ്പോൾ ഒരിക്കലും കരുതിയിരുന്നില്ല, പ്രതിനായകനായ നരേന്ദ്രൻ ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസമായി മാറുമെന്ന്. ഇന്നും ആ കഥാപാത്രം വെറുപ്പോടെ മനസിന്റെ കോണിൽ മായാതെ നിൽക്കുന്നു. കുറഞ്ഞ രംഗങ്ങളാണെങ്കിലും ആദ്യ ചിത്രത്തിൽ തന്നെ മോഹൻലാൽ പ്രേക്ഷകമനസിൽ കയറിക്കൂടുകയായിരുന്നു.
കഥാപാത്രം: നരേന്ദ്രൻ
അഭിനേതാവ്: മോഹൻലാൽ
സിനിമ: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980)
സംവിധാനം: ഫാസിൽ
ചരിത്രം അപനിർമ്മിക്കപ്പെടുന്ന ഇക്കാലത്ത് പ്രസ്കതമായ കഥാപാത്രമാണ് 1921 എന്ന ചിത്രത്തിൽ ടി.ജി രവി അവതരിപ്പിച്ച വാരിയം കുന്നത്ത് കുഞ്ഞഹമാമദ് ഹാജി എന്ന കഥാപാത്രം. വാരിയം കുന്നന്റെ ചരിത്രം സ്വാതന്ത്ര്യചരിത്രം മാത്രമല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ചരിത്രം കൂടിയാണ്. ചരിത്ര വിദ്യാർഥിയായ ഞാൻ ഇഷ്ടത്തോടെ കാണുന്ന കഥാപാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
കഥാപാത്രം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
അഭിനേതാവ്: ടി.ജി രവി
സിനിമ: 1921 (1988)
സംവിധാനം: ഐ.വി. ശശി
ആദാമിന്റെ വാരിയെല്ല് എന്ന ചിത്രത്തിൽ ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രമായ ആലീസ് ഉത്തരംകിട്ടാത്ത ചോദ്യം പോലെയാണ്. പെൺമനസിന്റെ ഉള്ളറകളുടെ രഹസ്യ സ്വഭാവമാണ് ആ കഥാപാത്രം തുറന്നുകാട്ടുന്നത്. ഇഷ്ടത്തോടെയും കാമത്തോടെയും വെറുപ്പോടെയും നോക്കികാണുന്ന ആലീസ് മനസിലേക്ക് വന്ന് ചോദിക്കുന്നത് നിനക്കിനിയും എന്നെ പിടികിട്ടിയില്ലേയെന്നാണ്. ശ്രീവിദ്യയുടെ മികച്ച കഥാപാത്രം തന്നെയാണ് ആലീസ്.
കഥാപാത്രം: ആലീസ്
അഭിനേതാവ്: ശ്രീവിദ്യ
സിനിമ: ആദാമിന്റെ വാരിയെല്ല് (1984)
സംവിധാനം: കെ.ജി. ജോർജ്ജ്
വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ തളത്തിൽ ദിനേശനെ പറയാതെ മലയാള സിനിമ പൂർണമാകില്ല. അപകർഷതാബോധവും പ്രണയവും തമ്മിലുള്ള വേർതിരിവുകൾ അറിയാതെ സംഘർഷത്തിലേർപ്പെടുന്ന കഥാപാത്രം. അപകർഷത കൂടി നിഴലിൽ പോലും ഭാര്യയുടെ ജാരനെ കാത്തിരിക്കുന്ന തളത്തിൽ ദിനേശൻ. മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഈ കഥാപാത്രത്തെ ഒരിക്കലും മറക്കാനാവില്ല.
കഥാപാത്രം: തളത്തിൽ ദിനേശൻ
അഭിനേതാവ്: ശ്രീനിവാസൻ
സിനിമ: വടക്കുനോക്കിയന്ത്രം (1989)
സംവിധാനം: ശ്രീനിവാസൻ
മമ്മൂട്ടിയുടെ ചന്തുവിനെ പറയാതെ മലയാള സിനിമയിലെ കഥാപാത്രങ്ങളുടെ പട്ടിക പൂർണമാകില്ല. ജീവിത്തതിൽ പലവട്ടം തോറ്റ എന്നാൽ തന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് വിശ്വസിക്കുന്ന ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ് ചന്തു. കരുത്തനായ അയാൾ പ്രണയത്തിന് മുന്നിൽ പരാജയപ്പെടുന്ന കേവലപുരുഷനുമാണ്.
കഥാപാത്രം: ചന്തു
അഭിനേതാവ്: മമ്മൂട്ടി
സിനിമ: ഒരുവടക്കൻ വീരഗാഥ (1989 )
സംവിധാനം: ഹരിഹരൻ
സേതുമാധവൻ, ആ പേര് മാത്രം മതി ആ കഥാപാത്രം ഓർമയിലേക്ക് ഓടിവരാൻ. കിരീടത്തിലും ചെങ്കോലിലും സേതുമാധവൻ നടത്തിയ യാത്രയിൽ വേദനയും വിഭ്രാന്തിയും കണ്ണുനീരും പ്രണയവുമെല്ലാം ഇടകലർന്ന് കിടക്കുന്നു. ചങ്ങലക്കുരുക്കിൽപെട്ട് പോകുന്ന ഒരു മനുഷ്യന്റെ ആത്മവിസ്ഫോടനത്തിന്റെ അനുഭവമാണ് കിരീടവും ചെങ്കോലും.
കഥാപാത്രം: സേതുമാധവൻ
അഭിനേതാവ്: മോഹൻലാൽ
സിനിമ: കിരീടം (1989 )
സംവിധാനം: സിബി മലയിൽ
വൈക്കം മുഹമ്മദ് ബഷീറിനെ അനശ്വരമാക്കാൻ മമ്മൂട്ടി എന്ന നടന് മാത്രമേ കഴിയൂ. ആത്മസാന്ദ്രമായ അടയാളപ്പെടുത്തലാണ് മതിലുകൾ എന്ന ചിത്രത്തിലെ ബഷീർ എന്ന കഥാപാത്രം. ഒരിക്കലും ആ കഥാപാത്രം മലയാളി മനസിൽ നിന്ന് പടിയിറങ്ങിപോകില്ല.
കഥാപാത്രം: വൈക്കം മുഹമ്മദ് ബഷീർ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: മതിലുകൾ (1989)
സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.