ബംഗളൂരു: വിൽക്കാനെത്തിച്ച നക്ഷത്ര ആമകളുമായി നാലുപേർ അറസ്റ്റിൽ. ചിക്കബെല്ലാപുര സിദലഘട്ട സ്വദേശികളായ കല്യാൺ, സിംഹാദ്രി, ഐസക്, ബാഗേപള്ളി സ്വദേശിയായ രജപുത്ര എന്നിവരാണ് പിടിയിലായത്. സംഘത്തിൽ നിന്ന് 1132 നക്ഷത്ര ആമകളെ കണ്ടെടുത്തു. പ്രതികൾ നാടോടികളാണെന്നും ആന്ധ്രപ്രദേശിലെയും കർണാടകയിലെ വനമേഖലയിൽ കഴിഞ്ഞ് നക്ഷത്ര ആമകളെ ഇവർ പിടികൂടുകയായിരുന്നെന്ന് ആർ.എം.സി യാർഡ് പൊലീസ് പറഞ്ഞു. ഇതിനകം 100 നക്ഷത്ര ആമകളെ മുംബൈയിൽ സംഘം വിറ്റതായും മൊഴി നൽകി.
കഴിഞ്ഞ തിങ്കളാഴ്ച ഗോരഗുണ്ഡെ പാളയയിൽനിന്ന് മൂന്നു പ്രതികളെ ആർ.എം.സി യാർഡ് പൊലീസ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയിരുന്നു. മൂന്ന് ബാഗുകളിൽ നിന്ന് 960 നക്ഷത്ര ആമകളെ കണ്ടെടുത്തു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് നാലാമത്തെ പ്രതിയെ ചിക്കബെല്ലാപുരയിലെ വസതിയിൽനിന്ന് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം നാലാം പട്ടികയിൽ ഉൾപ്പെടുന്ന ജീവിയാണ് നക്ഷത്ര ആമകൾ. ഇവയെ കൈവശം വെക്കുന്നത് ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.