2024 തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സഖ്യത്തിൽ ജെ.ഡി.എസ് ഉണ്ടാവില്ല

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരായ ദേശീയതല പ്രതിപക്ഷസഖ്യത്തിൽ ജെ.ഡി.എസ് ഉണ്ടാവില്ലെന്ന് സൂചന. പാർട്ടി പരമോന്നത നേതാവും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയാണ് സഖ്യനീക്കത്തോട് നീരസം ​പ്രകടിപ്പിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ദേശീയസഖ്യത്തിന് ശ്രമം നടക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഏത് പാർട്ടിക്കാണ് ബി.ജെ.പിയുമായി ഏതെങ്കിലും തരത്തിൽ ബന്ധമില്ലാത്തതെന്ന് അദ്ദേഹം ചോദിച്ചു. ആരാണ് വർഗീയ പാർട്ടിയെന്നും അല്ലാത്തതെന്നും തനിക്കറിയി​ല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്​ട്രീയത്തെപ്പറ്റി വിശദമായി അറിയുന്നയാളാണ് താൻ. എല്ലാ പാർട്ടികൾക്കും നേരിട്ടോ അല്ലാതെയോ ബി.ജെ.പിയുമായി ബന്ധമുണ്ട്. ചിലതിന് നേരത്തേ ബന്ധമുണ്ട്. ചിലർക്ക് ഇപ്പോഴും ബന്ധമുണ്ട്. അതിനാൽതന്നെ പ്രതിപക്ഷ സഖ്യം രൂപവത്കരിക്ക​പ്പെടുന്നതുമായി ബന്ധപ്പെട്ട് ശുഭാപ്തിവിശ്വാസക്കാരനല്ല.

ചില കോൺഗ്രസ് നേതാക്കളടക്കം സഖ്യത്തെപ്പറ്റി പറയുന്നു. ആറു വർഷം ബി.ജെ.പിയെ പിന്തുണച്ച ഡി.എം.കെയുമായി കോൺഗ്രസ് സഖ്യ ചർച്ച നടത്തുമോ. ഇത്തരം സാഹചര്യങ്ങൾ ഉള്ളതിനാൽ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അവസ്ഥയെപ്പറ്റി താൻ പറയുന്നില്ല. ബി.ജെ.പിക്കെതിരെ സമാനമനസ്സുള്ളവരുമായി സഖ്യത്തിന് നേതൃത്വം നൽകുകയോ സഖ്യത്തിൽ ചേരുമോ എന്ന ചോദ്യത്തിന് വർഗീയത, വർഗീയമല്ലാത്തത് എന്നത് വിശാലമായ വിഷയമാണെന്നും ഇതിനാൽ സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അത്രക്ക് സാധ്യതയില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വ്യത്യസ്തമായ കാര്യങ്ങളാണുള്ളത്. ജെ.ഡി.എസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മറ്റൊന്നിലും ഇപ്പോൾ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 2024 elections: JDS will not be in the opposition alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.