മംഗളൂരു: ഗോവയിൽനിന്ന് മംഗളൂരു നഗരത്തിലേക്ക് കൊക്കെയ്ൻ എത്തിക്കുകയായിരുന്ന ഗോവയിൽ താമസിക്കുന്ന നൈജീരിയൻ പൗരനെ മംഗളൂരു സി.സി.ബി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. 30 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.
മൈക്കൽ ഒക്ഫർ ഒഡിക്പോയാണ് (44) അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിൽ ഉള്ളാളിലെ അമ്പലമൊഗരു ഗ്രാമത്തിലെ യെലിയാർപദവ് മൈതാനത്തിനു സമീപം ഇരുചക്രവാഹനത്തിൽ അനധികൃതമായി കൊക്കെയ്ൻ വിൽപന നടത്തിയിരുന്ന അമ്പലമൊഗരു സ്വദേശികളായ സദഖത്ത് ഷാൻ നവാസ്, അഷ്ഫാഖ് എന്നിവരെ മംഗളൂരു സി.സി.ബി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവയിൽ നിന്നാണ് ഇവർ കൊക്കെയ്ൻ വാങ്ങിയതെന്ന് കണ്ടെത്തി. ഇരുവരിൽനിന്നും 34 ഗ്രാം കൊക്കെയ്നും 2,72,000 രൂപ വിലമതിക്കുന്ന മറ്റു വസ്തുക്കളും പിടികൂടുകയും ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ട് മംഗളൂരു സി.സി.ബി പൊലീസ് ഗോവൻ മയക്കുമരുന്ന് വിതരണക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും വടക്കൻ ഗോവയിലെ കലംഗുട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊക്കെയ്ൻ, കടത്താൻ ഉപയോഗിച്ച കാർ, രണ്ട് മൊബൈൽ ഫോണുകൾ, 4500 രൂപ, ഡിജിറ്റൽ അളവ് ഉപകരണം എന്നിവയും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 11,25,000 രൂപയാണ്. പ്രതിയെ തുടർനടപടികൾക്കായി സി.ഇ.എൻ ക്രൈം പൊലീസ് സ്റ്റേഷന് കൈമാറി.
2012ൽ ബിസിനസ് വിസയിൽ ഇന്ത്യയിലെത്തിയ പ്രതി ഒന്നര വർഷത്തോളം മുംബൈയിൽ താമസിച്ച് ഗോവയിലേക്ക് പോയി മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇയാൾക്കെതിരെ ഗോവയിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എ.സി.പി മനോജ് കുമാർ നായിക്കിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ എച്ച്.എം. ശ്യാം സുന്ദർ, പി.എസ്.ഐ ശരണപ്പ ഭണ്ഡാരി, സി.സി.ബി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് ഓപറേഷൻ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.