ബംഗളൂരു: ബനശങ്കരിയിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസുകളുടെ ഗാരേജിൽ വൻതീപിടിത്തം. നിർത്തിയിട്ടിരുന്ന 22 ബസുകൾക്ക് തീപിടിച്ചു. 18 ബസുകൾ പൂർണമായും നശിച്ചു. നാലുബസുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. ഗാരേജിലുണ്ടായിരുന്ന ഒരു ബസിനുള്ളിൽ വെൽഡിങ് ജോലികൾ നടന്നിരുന്നു. ഇതിനിടയിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. വെൽഡിങ് യന്ത്രത്തിൽനിന്നുള്ള തീപ്പൊരി വീണ് തീപിടിക്കുകയായിരുന്നു. തുടർന്ന് മറ്റ് ബസുകളിലേക്കും പടർന്നു. വൻപുകച്ചുരുളുകൾ ആകാശത്തേക്കുയർന്നത് പരിഭ്രാന്തി പരത്തി.
അഗ്നിശമനസേനയുടെ ഏറെ നേരത്തേ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തുറസ്സായ സ്ഥലത്തായിരുന്നു ഗാരേജ് പ്രവർത്തിച്ചിരുന്നത്. ഇതിനാൽ തന്നെ തീപിടിത്തമുണ്ടായ ഉടൻ തന്നെ ആളുകൾക്ക് പുറത്തിറങ്ങാനായി. ആർക്കും പൊള്ളലേറ്റിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസും ഫയർ ഫോഴ്സും അറിയിച്ചു. അടുത്ത ദിവസങ്ങളായി നഗരത്തിൽ തീപിടിത്ത സംഭവങ്ങൾ ഏറുകയാണ്.
കഴിഞ്ഞ ദിവസം സംസ്ഥാന ഹജ്ജ് ഹൗസിൽ തീപിടിത്തമുണ്ടായിരുന്നു. ഷോർട്ട്സർക്യൂട്ടായിരുന്നു കാരണം. ആളപായമുണ്ടായിട്ടില്ല. ഒക്ടോബർ 19ന് കോറമംഗലയിലെ വൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പബ്ബിലും തീപിടിത്തമുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായിരുന്നു കാരണം. തീ പടർന്നപ്പോൾ രക്ഷപ്പെടാൻ മുകളിൽ നിന്ന് ചാടിയ പബ്ബ് ജീവനക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. ഒക്ടോബർ ഏഴിന് ഹൊസൂരിനടുത്ത കർണാടക-തമിഴ്നാട് അതിർത്തിപ്രദേശത്തെ അത്തിബലെയിൽ പടക്ക ഗോഡൗണിന് തീപിടിച്ച് 16 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.