മംഗളൂരു: ദേശീയപാത 66ലെ ഗതാഗതക്കുരുക്കിന് പരിഹരിക്കുന്നതിനും മേഖലയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി മംഗളൂരു നിയോജക മണ്ഡലത്തിൽ രണ്ട് പുതിയ പാലങ്ങൾ നിർമിക്കുന്നതിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി സ്പീക്കർ യു.ടി. ഖാദർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഉള്ളാളിലെ കോട്ടേപുരയെ മംഗളൂരു നഗരത്തിലെ ബോലാറുമായി ബന്ധിപ്പിക്കുന്ന നേത്രാവതി പാലത്തിന് സമാന്തരമായി പുതിയ പാലം നിർമാണം പ്രധാന പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന് 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
1.5 കിലോമീറ്റർ നീളമുള്ള പാലം മേഖലയിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നായിരിക്കും. പൊതുമരാമത്ത് വകുപ്പ് മുഖേന കൺസൾട്ടന്റ് വിശദ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കി വരികയാണെന്ന് ഖാദർ അറിയിച്ചു.
നേത്രാവതി പാലം നിർമിക്കുന്നതിന് മുമ്പ് ബിസിനസ് ഹബ്ബ് എന്ന ചരിത്രപരമായ പ്രാധാന്യം കോട്ടെപുരക്കുണ്ടായിരുന്നു. തുറമുഖത്തുനിന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്ന ചരക്കുകൾ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള പ്രധാന സ്ഥലമായിരുന്നു അത്. വരാനിരിക്കുന്ന 12 മീറ്റർ വീതിയുള്ള പാലത്തിൽനിന്ന് അറബിക്കടൽ കാണാനാവും. സമാന്തരപാത പൂർത്തിയാവുന്നതോടെ പമ്പ് വെൽ വഴിയുള്ള ദേശീയപാത 66ലെ ഗതാഗതം 50 ശതമാനം കുറക്കാനാവുമെന്നാണ് പ്രതീക്ഷ. ബന്ദർ, കുദ്രോളി, ബോലാർ എന്നിവിടങ്ങളിലെ നിവാസികൾക്ക് ഇത് ഒരു ബദൽ റൂട്ടും നൽകും.
ഈ മേഖലയിലെ വിനോദസഞ്ചാരവും ബിസിനസ് അവസരങ്ങളും വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കോട്ടേപുരയിൽനിന്ന് കേരള അതിർത്തിയിലേക്കുള്ള കടൽത്തീര പാതയുടെ പദ്ധതികൾക്കും അംഗീകാരം ലഭിച്ചു. 62 കോടി രൂപ അനുവദിച്ച മറ്റൊരു പാലം പദ്ധതി സജിപ നാടിനെയും തുമ്പയെയും ബന്ധിപ്പിക്കും, ഇത് അർക്കുള, മേരമജലു, തുംബെ നിവാസികൾക്ക് പ്രയോജനപ്പെടും. നിലവിൽ സജിപയിൽനിന്നുള്ളവർ മേൽകാർ, ബണ്ട്വാൾ വഴി തുംബെയിലെത്തണം.
തൊക്കോട്ടിനും ഓലപ്പേറ്റിനും ഇടയിൽ റെയിൽവേ ലൈൻ മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് റെയിൽവേയുടെ അനുമതിക്ക് വിധേയമായി എം.എൽ.എ ലോക്കൽ ഏരിയ ഡെവലപ്മെന്റ് (എൽ.എ.ഡി) ഫണ്ടിൽനിന്നും ഉള്ളാൽ സിറ്റി മുനിസിപ്പാലിറ്റിയിൽനിന്നും പദ്ധതിക്കുള്ള ഫണ്ട് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.