ബംഗളൂരു: നഗരത്തിൽ ഇലക്ട്രിക് ബസുകൾ ഓപറേറ്റ് ചെയ്യുന്ന ടാറ്റ മോട്ടോഴ്സിന്റെ ഉപ കമ്പനിയായ ടി.എം.എൽ സ്മാർട് സിറ്റി മൊബിലിറ്റി സൊലൂഷൻസിന് സേവനങ്ങൾ തടസ്സപ്പെട്ടതിന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബി.എം.ടി.സി ചുമത്തിയത് 65 ലക്ഷം രൂപ പിഴ. കഴിഞ്ഞ ചൊവ്വാഴ്ച ശമ്പളവുമായി ബന്ധപ്പെട്ട് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയതിനെത്തുടർന്ന് നാല് മണിക്കൂറോളം സർവിസുകൾ മുടങ്ങിയിരുന്നു.
ഇ-ബസുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളിൽ ഒന്ന് മാത്രമായിരുന്നു ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടത്. കരാർ പ്രകാരം സർവിസുകളിൽ വീഴ്ച വരുത്തിയാൽ സേവനദാതാവിനുമേൽ ബി.എം.ടി.സിക്ക് പിഴ ചുമത്താം. ടാറ്റയെക്കൂടാതെ ജെ.ബി.എം, അശോക് ലെയ്ലൻഡിനു കീഴിലുള്ള സ്വിച്ച് മൊബിലിറ്റി എന്നിവരാണ് കരാറടിസ്ഥാനത്തിൽ ബി.എം.ടി.സിക്കു വേണ്ടി സർവിസുകൾ നടത്തുന്നത്. അശോക് ലെയ്ലൻഡിന് പല സമയങ്ങളിലായി സേവനങ്ങളിൽ വീഴ്ചവരുത്തിയതിന് പിഴ ലഭിച്ചിട്ടുണ്ടെങ്കിലും ജെ.ബി.എം കമ്പനിക്ക് ഇതുവരെ പിഴ ലഭിച്ചിട്ടില്ല. ഇലക്ട്രിക് ബസുകൾ പാട്ടത്തിനെടുക്കുന്നത് നിർത്തി പകരം റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് ബസ് വാങ്ങാൻ പണമനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി തൊഴിലാളി യൂനിയൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പദ്ധതികൾക്ക് കീഴിൽ, സ്വകാര്യ കമ്പനികൾക്ക് സബ്സിഡി തുക വിനിയോഗിക്കാനും ബസുകൾ ഓടിക്കാനും അനുവാദമുണ്ട്. റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് ഇ-ബസുകൾ പ്രവർത്തിപ്പിക്കുന്നതിന് സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം കേന്ദ്ര സർക്കാറിന്റെ സബ്സിഡി തുക ഉപയോഗിക്കാൻ അനുവദിക്കുകയാണ് വേണ്ടതെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എഫ്.എ.എം.ഇ പദ്ധതി പ്രകാരം 12 വർഷത്തേക്ക് ഇലക്ട്രിക് ബസുകളുടെ വിതരണം, ഓപറേഷൻ, പരിപാലനം എന്നിവക്കാണ് ടി.എം.എൽ സ്മാർട് സിറ്റി മൊബിലിറ്റി സൊലൂഷൻസ് ബി.എം.ടി.സിയുമായി കരാറിലെത്തിയിരിക്കുന്നത്. 2021 ഡിസംബറിലാണ് ബി.എം.ടി.സി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.