ബംഗളൂരു: ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചീഫ് ജയിൽ സൂപ്രണ്ട് അടക്കം ഒമ്പത് ജീവനക്കാർക്ക് സസ്പെൻഷൻ.
ദർശന്റെ മാനേജർ നാഗരാജ്, ബംഗളൂരുവിലെ ഗുണ്ട വിൽസൻ ഗാർഡൻ നാഗ, മറ്റൊരു ഗുണ്ട എന്നിവർക്കൊപ്പം ദർശൻ ജയിലിനകത്തെ വളപ്പിൽ കസേരയിട്ട് കാപ്പി കുടിച്ചും സിഗരറ്റ് വലിച്ചും സമയം ചെലവിടുന്നതിന്റെയും മൊബൈൽ ഫോണിൽ വിഡിയോ ചാറ്റ് നടത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കൂട്ട നടപടി.
ചീഫ് ജയിൽ സൂപ്രണ്ട് വി. ശേഷുമൂർത്തി, ജയിൽ സൂപ്രണ്ട് മല്ലികാർജുൻ സ്വാമി, ജയിലർമാരായ ശരൺ ബസപ്പ, പ്രഭു എസ്. കണ്ടൽവാൽ, അസി. ജയിലർമാരായ എൽ.എസ്. കുപ്പുസ്വാമി, ശ്രീകാന്ത് തൽവാർ, ഹെഡ് വാർഡർമാരായ വെങ്കപ്പ, സമ്പത്ത് കുമാർ, വാർഡർ കെ. ബസപ്പ എന്നിവരെയാണ് പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തതെന്ന് കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര അറിയിച്ചു. ദർശനടക്കമുള്ളവർക്ക് ജയിലിനകത്ത് സിഗരറ്റ് എത്തിച്ചു നൽകിയതാരാണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിൽ ചട്ടങ്ങൾ ലംഘിച്ചതിന് ദർശനെതിരെ മൂന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോൺ ഉപയോഗിച്ചതിനും സിഗരറ്റ് ഉപയോഗിച്ചതിനും ഇവ ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചതിനുമാണ് മൂന്ന് കേസുകൾ. സംഭവത്തെക്കുറിച്ച് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തും. ദർശനെ മറ്റേതെങ്കിലും സെൻട്രൽ ജയിലിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു.
ആഗസ്റ്റ് 22ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് കരുതുന്നതായി ജയിൽ ചുമതലയുള്ള എ.ഡി.ജി.പി മാലിനി കൃഷ്ണമൂർത്തി പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും വിഷയം സർക്കാർ വളരെ ഗൗരവമായി കാണുന്നുവെന്നും എ.ഡി.ജി.പി ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയാണോ ജയിൽ ഉദ്യോഗസ്ഥർ പ്രസ്തുത സംഭവത്തിന് കൂട്ടുനിന്നതെന്ന കാര്യം അറിയില്ലെന്നും കുറ്റക്കാരായ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച ഹുബ്ബള്ളിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നടി പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചെന്ന കാരണത്താൽ ആരാധകനായ രേണുകസ്വാമിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ദർശനും പവിത്ര ഗൗഡയുമടക്കം 17 പേർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
കഴിഞ്ഞ ജൂൺ ഒമ്പതിന് ബംഗളൂരു സുമനഹള്ളിയിലെ കനാലിൽ രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ദർശന്റെയും കൂട്ടാളികളുടെയും അറസ്റ്റിലേക്ക് നയിച്ചത്. പവിത്ര ഗൗഡയുടെ നിർദേശ പ്രകാരം സുഹൃത്തായ ദർശനും കൂട്ടാളികളും ചേർന്ന് കൊല നടത്തുകയായിരുന്നു. കേസിൽ പവിത്ര ഗൗഡ ഒന്നാം പ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.