മൈസൂരുവിൽ 82 അനധികൃത അൾട്രാ സൗണ്ട് സ്കാനിംഗ് സെന്ററുകൾ കണ്ടെത്തി; ആശുപത്രികളിൽ ‘ഇവിടെ ലിംഗ നിർണയ പരിശോധന ഇല്ല’ ബോർഡ് നിർബന്ധമാക്കി

മൈസൂരു: ജില്ലയിൽ പിസിപിഎൻഡിടി ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 82 അൾട്രാ സൗണ്ട് സ്കാനിംഗ് സെന്ററുകൾ കണ്ടെത്തി.ഈ സ്ഥാപനങ്ങൾക്ക് എതിരെ നോട്ടീസ് അയക്കാൻ ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ.കെ.വി.രാജേന്ദ്ര നിർദേശം നൽകി.മൂന്നു വർഷത്തിനിടെ മൈസൂറുവിലെ രണ്ട് ആശുപത്രികളിൽ 3000ത്തോളം അനധികൃത ഭ്രൂണഹത്യകൾ നടത്തി എന്ന കേസ് സിഐഡി അന്വേഷണത്തിലിരിക്കെ ഡി.സി വിളിച്ചു ചേർത്ത ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗ ശേഷമാണ് നടപടി.

288 കേന്ദ്രങ്ങളുള്ള ജില്ലയിൽ 232 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ലാത്തവ കണ്ടെത്തിയത്.പ്രവർത്തന രഹിതമായി കണ്ട 25 സ്ഥാപനങ്ങളിലെ സ്കാനിംഗ് യന്ത്രങ്ങൾ സീൽ ചെയ്യാനും നിർദേശിച്ചു. ഡോക്ടർമാരുടെ യോഗ്യതകൾ പ്രദർശിപ്പിക്കണം.ആയുർവേദ ഡോക്ടർമാർ അലോപ്പതി ചികിത്സ നടത്തരുത്."ഇവിടെ ലിംഗ നിർണയ പരിശോധന ഇല്ല"ബോർഡുകൾ ആശുപത്രികളിൽ പ്രദർശിപ്പിക്കണം.

ജില്ല ആരോഗ്യ ഓഫീസർ ഡോ.പി.സി.കുമാര സ്വാമി,വനിത ശിശു വികസന ഉപ ഡയറക്ടർ ബസർരാജു തുടങ്ങി ജില്ല, താലൂക്ക് തല ഉദ്യോഗസ്ഥർ പങ്കെടുത്തു. മാണ്ട്യയിലെ ശർക്കര നിർമ്മാണ ശാല മറവിലും മൈസൂറുവിലെ രണ്ട് ആശുപത്രികൾ കേന്ദ്രീകരിച്ചും നടന്ന പെൺഭ്രൂണഹത്യകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ സി.ഐ.ഡി അന്വേഷണത്തിൽ പുറത്തു വന്നിരുന്നു.ആറുമാസം പ്രായമായ ചോരപ്പൈതങ്ങളെ ജീവൻ മിടിക്കുന്ന അവസ്ഥയിൽ കടലാസിൽ പൊതിഞ്ഞ് കാവേരി നദിയിൽ ഒഴുക്കുക, 12ആഴ്ച എത്തിയവയെ ആശുപത്രി മാലിന്യങ്ങൾക്കൊപ്പം ഡസ്റ്റ് ബിന്നുകളിൽ തള്ളുക-ഇതൊക്കെയായിരുന്നു ചെയ്തു പോന്നത്.അനധികൃത ഭ്രൂണഹത്യകൾ നടന്ന മൈസൂറു മാത ആശുപത്രിയിലെ ഹെഡ് നഴ്സ് മഞ്ചുള മാസം ശരാശരി 70 ഭ്രൂണങ്ങൾ താൻ കൈകാര്യം ചെയ്തതായാണ് സിഐഡിക്ക് മൊഴി നൽകിയത്.

12 ആഴ്ച മുതൽ ആറ് മാസം വരെ വളർച്ചയെത്തിയവ ഇവയിലുണ്ടായിരുന്നു. ഇളം ഭ്രൂണങ്ങൾ ആശുപത്രി മാലിന്യങ്ങൾക്കൊപ്പം ഡസ്റ്റ്ബിന്നിൽ തള്ളും.നാലു ദിവസം കൊണ്ട് അവ ചീഞ്ഞളിഞ്ഞ് പോവും.ആറു മാസം വളർച്ചയെത്തിയവ പുറത്തെടുത്ത് അഞ്ചോ പത്തോ മിനിറ്റ് ജീവനോടെയിരിക്കും.ആ പ്രായത്തിൽ കരയാനാവില്ല.താൻ കടലാസിൽ പൊതിഞ്ഞ് ജീവനക്കാരനായ നിസാറിന് കൈമാറും.അയാൾ ഉടൻ കാവേരി നദിയിൽ എറിഞ്ഞ് തെളിവുകൾ ഒഴുക്കിക്കളഞ്ഞു.

Tags:    
News Summary - 82 illegal ultrasound scanning centres found in Mysuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.