ബംഗളൂരു: ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജങ്ഷൻ വഴിയുള്ള ആർ.വി റോഡ്-ബൊമ്മസാന്ദ്ര പാതയായ നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ഡ്രൈവർലെസ് ട്രെയിൻ ജനുവരി 15ന് എത്തുമെന്ന് നമ്മ മെട്രോ. ഇതാദ്യമായാണ് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ട്രെയിൻ കോച്ചുകളെത്തുന്ന തീയതി വ്യക്തമാക്കുന്നത്.
19.5 കിലോമീറ്റർ ദൈർഘ്യമുള്ള പാത പ്രവർത്തനസജ്ജമാണെങ്കിലും ട്രെയിൻ കോച്ചുകളുടെ അഭാവമാണ് സർവിസ് തുടങ്ങുന്നത് വൈകിക്കുന്നത്. യെല്ലോ ലൈനിൽ സർവിസ് തുടങ്ങാൻ ഏപ്രിൽ ആദ്യവാരംവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ചുരുങ്ങിയത് മൂന്ന് സെറ്റ് ട്രെയിനുകളെങ്കിലും ലഭിച്ചാൽ മാത്രമേ അരമണിക്കൂർ ഇടവിട്ടെങ്കിലും സർവിസുകൾ ആരംഭിക്കാനാകൂ. ചൈനീസ് കമ്പനിക്കുവേണ്ടി കൊൽക്കത്ത ആസ്ഥാനമായ ടിറ്റഗർഹ് റെയിൽ സിസ്റ്റംസാണ് ട്രെയിനുകൾ നിർമിക്കുന്നത്.
2019ലാണ് ബി.എം.ആർ.സി.എൽ 1578 കോടി രൂപക്ക് 36 ട്രെയിൻ സെറ്റുകൾക്ക് കരാർ നൽകിയത്. ഇതിൽ 15 എണ്ണം യെല്ലോ ലൈനിലേക്കും 21 എണ്ണം പർപ്ൾ, ഗ്രീൻ ലൈനുകളിലേക്കുമായിരുന്നു. ടിറ്റഗർഹിന്റെ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ജനുവരി 15ന് നമ്മ മെട്രോയുടെ ഹെബ്ബഗോഡി ഡിപ്പോയിലെത്തും.
ആദ്യ ട്രെയിൻ എത്തിയതിനു ശേഷം ഓരോ മാസവും ഒരു ട്രെയിൻ സെറ്റ് വീതം ടിറ്റഗർഹ് നമ്മ മെട്രോക്ക് കൈമാറും. ചൈനീസ് കമ്പനിയായ സി.സി.ആർ.സി അയച്ച പർപ്ൾ ലൈനിലേക്കുള്ള ട്രെയിൻ സെറ്റ് ചെന്നൈ തുറമുഖം വഴി ജനുവരി പത്തിനാകും പീനിയ ഡിപ്പോയിലെത്തുക.
നിലവിൽ പർപ്ൾ, ഗ്രീൻ ലൈനുകളിലുള്ള ജനത്തിരക്ക് കുറക്കാനാണ് നമ്മ മെട്രോ കൂടുതൽ ട്രെയിനുകളിറക്കുന്നത്. എന്നാൽ, തിരക്ക് കുറയണമെങ്കിൽ 2025 ആദ്യപകുതി വരെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.