ബംഗളൂരു: ഉത്തരാഖണ്ഡിലെ ഹിമാലയൻ പർവതമേഖലയിൽ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെ തുടർന്ന് മരണപ്പെട്ട ഒമ്പതുപേരിൽ ബാക്കി നാലുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മലയാളികളടക്കം ഉൾപ്പെട്ട ബംഗളൂരുവിൽനിന്നുള്ള ട്രക്കിങ് സംഘമാണ് അപകടത്തിൽപെട്ടത്. കർണാടക മൗണ്ടനിയറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളികളടക്കം 18 പേരും മഹാരാഷ്ട്രയിൽനിന്നുള്ള ഒരാളും മൂന്നു ഗൈഡുകളുമാണ് സംഘത്തിലുണ്ടായിരുന്നത്.
ഇവരിൽ ബംഗളൂരു ജക്കൂരിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ആശ സുധാകർ (71), ബംഗളൂരു സ്വദേശികളായ അനിത രംഗപ്പ (55), കെ. വെങ്കടേശ് പ്രസാദ് (53), വിനായക് മുംഗുർവാടി (52), സുജാത മുംഗുർവാടി (52), കെ.പി. പത്മനാഭ (50), ചിത്ര പ്രണീത് (48), സിന്ധു വെക്ലാം (44), പത്മിനി ഹെഗ്ഡെ (34) എന്നിവരാണ് മരിച്ചത്. ഇവരിൽ ആശ സുധാകർ, വിനായക്, സുജാത, ചിത്ര, സിന്ധു എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. പത്മനാഭ, വെങ്കടേശ് പ്രസാദ്, അനിത രാമപ്പ, പത്മിനി ഹെഗ്ഡെ എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്. മരണപ്പെട്ട ആശയുടെ ഭർത്താവ് സുധാകർ അടക്കം 13 പേരെ രക്ഷപ്പെടുത്താനായി.
മേയ് 29ന് മനേരിയിലെ ഹിമാലയൻ വ്യൂ ട്രക്കിങ് ഏജൻസി വഴിയാണ് സംഘം ട്രക്കിങ്ങിന് പുറപ്പെട്ടത്. വെള്ളിയാഴ്ച മടങ്ങാനിരിക്കെ, മോശം കാലാവസ്ഥ കാരണം വഴിതെറ്റി അവസാന ബേസ് ക്യാമ്പായ സഹസ്രദളിൽ എത്തുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അപ്രതീക്ഷിതമായി കനത്ത കാറ്റും മഞ്ഞുവീഴ്ചയും സംഘാംഗങ്ങളെ വഴിതെറ്റിക്കുകയായിരുന്നു. വൈകീട്ട് നാലോടെ മഞ്ഞുവീഴ്ച ശക്തമായി.
ആറുമണിയോടെ ആദ്യത്തെ രണ്ടുപേർ മരിച്ചതായി ഡെറാഡൂണിലെത്തി രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ചിലർ രാത്രിയോടെ മരണത്തിന് കീഴടങ്ങി. ജൂൺ നാലിന് മൊബൈൽ ഫോൺ സിഗ്നൽ ലഭിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
രാവിലെ 11ഓടെ ചിലർ ക്യാമ്പിലേക്ക് നീങ്ങി. ഗൈഡുമാർ ക്യാമ്പിലെത്തി മുകളിലേക്ക് തിരിച്ചുവന്ന് കുടുങ്ങിയവർക്ക് ഭക്ഷണമെത്തിച്ചു. വിവരമറിഞ്ഞ് ചൊവ്വാഴ്ച രാത്രിതന്നെ കർണാടക, ഉത്തരാഖണ്ഡ് സർക്കാറുകൾ രക്ഷാപ്രവർത്തനത്തിന് പദ്ധതിയിട്ടു. ബുധനാഴ്ച രാവിലെ ഇന്ത്യൻ സൈനികരും വ്യോമസേനയും സംസ്ഥാന ദുരന്തനിവാരണ സംഘവും രക്ഷാപ്രവർത്തനത്തിനിറങ്ങി. ദുർഘടമായ കാലാവസ്ഥയിൽ വ്യോമസേനയുടെ എം.ഐ 17 വി ഫൈവ് ഹെലികോപ്ടറുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
രക്ഷപ്പെട്ടവരെയും മരിച്ചവരെയും വിവിധ ഘട്ടങ്ങളിലായി ഹെലികോപ്ടറുകളിൽ ഡെറാഡൂണിലേക്ക് മാറ്റി.
സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.