ബംഗളൂരു: ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട നാല് ജീവനക്കാരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപ വീതം വിതരണം ചെയ്ത് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി). കൂടാതെ, സർവിസിലിരിക്കെ വിവിധ രോഗങ്ങൾ മൂലം മരണമടഞ്ഞ 23 ജീവനക്കാരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരവും നൽകിയിട്ടുണ്ട്.
ഇതോടെ റോഡപകടങ്ങളിൽ മരണപ്പെടുന്ന ജീവനക്കാർക്ക് ഇൻഷുറൻസ് ഇനത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കർണാടക. മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സ്വയം പര്യാപ്തതയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റു അത്യാവശ്യ കാര്യങ്ങൾക്കുമായാണ് പണം ഉപയോഗിക്കേണ്ടതെന്നും പാഴാക്കിക്കളയരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി വിജയകരമായി നടപ്പിലാക്കിയതിൽ നിർണായക പങ്കുവഹിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. ജീവനക്കാർ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അവർക്ക് അർഹമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ കോർപറേഷൻ ന്യായമായ പരിഗണന നൽകുമെന്നും കെ.എസ്.ആർ.ടി.സി ബോർഡ് ചെയർമാനും ഗുബ്ബി എം.എൽ.എയുമായ എസ്.ആർ ശ്രീനിവാസ് പറഞ്ഞു.
ജീവനക്കാരുടെ ആശ്രിതർക്ക് സാമ്പത്തിക സുരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി ഒരു കോടി രൂപയുടെ ഇൻഷുറൻസ് നഷ്ടപരിഹാരം നൽകുന്ന അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയത്. ഇതുവരെയായി 17 കുടുംബങ്ങൾക്കാണ് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകിയത്. മറ്റു രോഗങ്ങൾ മൂലം മരണപ്പെട്ട 39 ജീവനക്കാരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും വിതരണം ചെയ്തിട്ടുണ്ട്. യാത്രക്കാർക്കുള്ള ഇൻഷുറൻസ് നഷ്ടപരിഹാര തുകയും മൂന്നു ലക്ഷത്തിൽ നിന്ന് 10 ലക്ഷം രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെയായി അഞ്ചു യാത്രക്കാർക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൈമാറിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ വി.ൾ അമ്പുകുമാർ, മറ്റു ഉദ്യോഗസ്ഥർ, യൂനിയൻ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.