ബംഗളൂരു: കന്നട സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ദലിത് വിരുദ്ധ പരാമർശം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര. പ്രസ്താവന നിന്ദ്യവും അപമാനകരവുമാണ്. ഇത് ആരും പൊറുക്കില്ലെന്നും ഞങ്ങളും സഹിക്കില്ലെന്നും ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ മനസ്സിലാക്കണമെന്നും ഒരു സമുദായത്തെ തരംതാഴ്ത്തുന്ന ശീലം അവസാനിപ്പിക്കണമെന്നും പരമേശ്വര ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്.
സമുദായങ്ങളെ അവഹേളിക്കുന്ന പഴഞ്ചൊല്ലുകളോ പ്രയോഗങ്ങളോ ഉദ്ധരിക്കുന്നവർ അത്തരം അഭിപ്രായങ്ങൾ പറയുന്നതിൽനിന്ന് വിട്ടുനിൽക്കണം. ഇത് ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനെതിരെ നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പ്രസ്താവന ഒരു സമൂഹത്തെ അപമാനിക്കുന്നതാണെന്ന് അവർ മനസ്സിലാക്കുന്നില്ലേ? മറ്റുള്ളവർക്ക് വേദനയുണ്ടാക്കുന്ന തരത്തിൽ പെരുമാറരുത്- ആഭ്യന്തര മന്ത്രി പറഞ്ഞു. ദലിത് നേതാവ് കൂടിയാണ് ഡോ. ജി. പരമേശ്വര.
ഫേസ്ബുക്ക് ലൈവ് സെഷനിൽ ദലിത് സമൂഹത്തെ അവഹേളിക്കുന്ന ഒരു കന്നഡ പഴഞ്ചൊല്ല് ഉദ്ധരിച്ച് നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന ഉപേന്ദ്രക്കെതിരെ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്റെ പരാമർശത്തിനെതിരെ വ്യാപകമായ എതിർപ്പിനെ തുടർന്ന്, നിരുപാധികം മാപ്പുപറയുകയും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെയും വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച കർണാടക ഹൈകോടതി രണ്ട് എഫ്.ഐ.ആറുകളിൽ തുടർ നടപടി സ്റ്റേ ചെയ്തിരുന്നു. ഉപേന്ദ്രക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.