ബംഗളൂരു: നഗരത്തിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായ നടപടികൾ ബി.ബി.എം.പി തുടരുന്നതിനിടെ ഇന്നലെ നഗരത്തിൽ ഉണ്ടായത് അപ്രതീക്ഷിത സംഭവം. അധികൃതർ പൊളിക്കാനൊരുങ്ങുന്ന തങ്ങളുടെ വീട് അനധികൃതമല്ലെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും പറഞ്ഞ് നടപടിക്കെതിരെ ദമ്പതികൾ പ്രതിഷേധിച്ചു. ഒടുവിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കെ.ആർ. പുരം ഭാഗത്തെ ഗായത്രി ലേഔട്ടിലാണ് സംഭവം.
സോന സിങ്, സുനിൽ സിങ് എന്നിവരാണിവർ. കാനിൽ ഉണ്ടായിരുന്ന പെട്രോൾ ഇരുവരും ദേഹത്ത് ഒഴിച്ചു. തീപെട്ടി ഉരക്കാൻ നോക്കവേ ബംഗളൂരു പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ചേർന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ വൈറലാണ്. ഇവരുടെ വീടുൾപ്പെടുന്ന മൂന്നുനില കെട്ടിടം മഴവെള്ള ചാലിനോടനുബന്ധിച്ചാണ് നിർമിച്ചിരിക്കുന്നത്. ഈ കെട്ടിടം അനധികൃതമാണെന്ന് പറഞ്ഞ് അധികൃതർ പൊളിച്ചുമാറ്റാനുള്ള ഒരുക്കത്തിലായിരുന്നു.
കെട്ടിടത്തിന്റെ ചുറ്റുമതിലിന് താഴെ കനാലിലേക്ക് ഇറങ്ങിനിന്ന് ദമ്പതികൾ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ബി.ബി.എം.പി അധികൃതർ അഗ്നിശമന-അടിയന്തര സേനയെ അറിയിച്ചു. ഇവരും പൊലീസും എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ദമ്പതികൾ വഴങ്ങിയില്ല.
പെട്രോൾ ഒഴിച്ചതിനുശേഷം തീകൊളുത്താൻ ഒരുങ്ങവേ മതിലിനപ്പുറത്തുനിന്ന് രക്ഷാപ്രവർത്തകർ ഇവരുടെ കൈകളിൽ പെട്ടെന്നു പിടിച്ചുവലിച്ചു. ഉടൻതന്നെ ദമ്പതികളുടെ ദേഹത്തേക്ക് വെള്ളം ചീറ്റി പെട്രോൾ നിർവീര്യമാക്കി. പെട്ടെന്നുതന്നെ മതിലനപ്പുറത്തുനിന്ന് രക്ഷാപ്രവർത്തകർ ഇവരെ പൊക്കിയെടുത്തു മുകളിലേക്ക് കയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.