ബംഗളൂരു: ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ കീഴിൽ എ.ഐ.കെ.എം.സി.സി ബംഗളൂരു ഘടകം സംഘടിപ്പിക്കുന്ന ആറാമത് സമൂഹ വിവാഹം ഞായറാഴ്ച നടക്കും. രാവിലെ 10 മുതൽ ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ നടക്കുന്ന മംഗളകർമങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നിവിടങ്ങളിനിന്നുള്ള നിർധനരും അനാഥകളുമായ കുടുംബങ്ങളിൽനിന്നുള്ള യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ച ശേഷം ഫീൽഡ് സർവേയിലൂടെയാണ് 81 ദമ്പതികളെ സമൂഹ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ഗൂഡല്ലൂരിൽനിന്ന് കഴിഞ്ഞ ദിവസം വിവാഹസഹായം തേടി പാണക്കാട്ടെത്തിയ കുടുംബത്തിൽനിന്നുള്ള യുവതിയുടെ വിവാഹവും ഇതോടൊപ്പം നടക്കും. ഹൈന്ദവ യുവതി-യുവാക്കളുടെ വിവാഹം അവരുടെ ആചാരപ്രകാരം മതപുരോഹിതരുടെ മേൽനോട്ടത്തിൽ ക്ഷേത്രങ്ങളിൽവെച്ചാണ് നടന്നത്. ഇവർ ഞായറാഴ്ച നടക്കുന്ന വിരുന്നിൽ പങ്കെടുക്കും.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ ആർ. രാമലിംഗ റെഡ്ഡി, ഡോ. ജി. പരമേശ്വര, സ്പീക്കർ യു.ടി. ഖാദർ, എം.എൽ.എമാരായ എൻ.എ. ഹാരിസ്, റിസ്വാൻ അർഷദ്, ഉദയ് ഗരുഡാചാർ, ബി.എം. ഫാറൂഖ് എം.എൽ.സി, മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്തീൻ, കേരള അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് നാലപ്പാട്ട്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ജാമിഅ മസ്ജിദ് ഇമാം മൗലാന മഖ്സൂദ് ഇമ്രാൻ റഷാദി തുടങ്ങിയവരടക്കം പതിനായിരത്തോളം പേർ സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബംഗളൂരു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാൻ, ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, ട്രഷറർ നാസർ നീലസാന്ദ്ര, സെക്രട്ടറി ഡോ. എം.എ. അമീറലി എന്നിവർ പങ്കെടുത്തു.
ബംഗളൂരു: സമൂഹ വിവാഹത്തോടനുബന്ധിച്ച് എ.ഐ.കെ.എം.സി.സി ശനിയാഴ്ച തൊഴിൽ മേള സംഘടിപ്പിക്കും. ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയില്‍ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന തൊഴില്‍ മേളയിൽ നൂറോളം കമ്പനികള്‍ പങ്കെടുക്കും. എൻജിനീയറിങ്, എഫ്.എം.സി.ജി, ടെലികോം, ഹോസ്പിറ്റാലിറ്റി, ബി.പി.ഒ, ലോജിസ്റ്റിക്സ് മേഖലകളിലെ ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുക. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി ഏതെങ്കിലും യോഗ്യതയുള്ള, 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം.
പരിചയസമ്പന്നരെയും അല്ലാത്തവരെയും ലക്ഷ്യംവെച്ചുള്ള തൊഴില്‍ മേളയില്‍ പതിനായിരത്തോളം ഒഴിവുകളിലേക്കായിരിക്കും റിക്രൂട്ടിങ് നടത്തുക. മുംബൈ ആസ്ഥാനമായുള്ള എ.എം.പി ഇന്ത്യയും എം.എസ്.എഫ് ദേശീയ കമ്മിറ്റിയുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷൻ ഫീസ് ഇല്ലെന്നും താൽപര്യമുള്ളവർക്ക് രേഖകളുമായി മേളയിൽ നേരിട്ടെത്താമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.