മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് കർണാടക മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായി സംസാരിക്കുന്നു

അർജുനായി തിരച്ചിൽ; കർണാടക ഹൈകോടതി നിർദേശവും കേരള മുഖ്യമന്ത്രിയുടെ കത്തും ജലരേഖ

മംഗളൂരു: കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും അദ്ദേഹം ഓടിച്ച ലോറിയും കർണാടകയിൽ ഗംഗാവാലി നദിയുടെ ആഴങ്ങളിൽ അപ്രത്യക്ഷമായി മാസം തികയാൻ രണ്ടു ദിവസം ശേഷിക്കെ തിരച്ചിൽ പുനരാരംഭിച്ചില്ല. ഈ മാസം നാലിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിലെ ആവശ്യവും പിറ്റേന്ന് കർണാടക സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചതും ജലരേഖയാവുന്നു. ഈ വേളയിൽ കേരളത്തിൽനിന്നുള്ള എം.എൽ.എ അർജുൻ വിഷയത്തിൽ ഇടപെടണമെന്ന അപേക്ഷയുമായി കർണാടക സർക്കാറിൽ നിരന്തര സമ്മർദത്തിലാണ്. തന്റെ ദൗത്യം ലക്ഷ്യംകാണുമെന്നും നദിയിലെ അടിയൊഴുക്കിന്റെ തീവ്രത കുറഞ്ഞാൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.

കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി ത്രിലോക് ചന്ദ്ര എന്നിവരുമായി എം.എൽ.എ നേരിട്ട് ചർച്ചകൾ നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ മൈസൂരുവിൽ നടന്ന ജനാന്ദോളൻ മഹാറാലിയുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ നേരിൽ കാണാനായില്ല. ഇരുവർക്കും കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദറിനുമുള്ള കത്ത് അവരവരുടെ ഓഫിസുകളിൽ ഏൽപിച്ചു.

ഉത്തര കന്നട ജില്ലയിലെ ഷിരൂർ അങ്കോള ദേശീയ പാതയിൽ കഴിഞ്ഞ മാസം 16ന് മണ്ണിടിഞ്ഞാണ് അർജുനെ കാണാതായത്. അർജുൻ വിഷയം സംസാരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഉടൻ ഉത്തര കന്നട ജില്ല ഡെപ്യൂട്ടി കമീഷണറെ വിളിച്ചതായി എ.കെ.എം. അഷ്റഫ് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മഴ കുറഞ്ഞെങ്കിലും നദിയിലെ കുത്തൊഴുക്ക് തുടരുന്നതിനാൽ രണ്ടുമൂന്ന് ദിവസത്തിനകം അർജുനിനായുള്ള തിരച്ചിൽ പുനരാരംഭിക്കുമെന്നാണ് ഉത്തര കന്നട ഡി.സി ത്രിലോക് ചന്ദ്രയെ അറിയിച്ചത്. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ താൻ നിരീക്ഷിക്കുമെന്ന് എം.എൽ.എക്ക് ഉറപ്പുനൽകി.നിലവില്‍ 4.5 നോട്സാണ് നദിയിലെ അടിയൊഴുക്ക്. ഇത് മൂന്ന് നോട്സിലേക്ക് എത്തിയാല്‍ നാവിക സേന ഉള്‍പ്പെടെ തിരച്ചിലിനായി എത്തും. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാല്‍പെക്കും തിരച്ചിൽ അനുമതി ലഭിക്കും. അടിയൊഴുക്ക് മൂന്ന് നോട്സിലേക്ക് എത്തിയാല്‍ വീണ്ടും തിരച്ചിലിന് എത്തുമെന്ന് നാവിക സേന നേരത്തേ അറിയിച്ചിരുന്നുവെന്ന് ത്രിലോക് ചന്ദ്ര എം.എൽ.എയെ അറിയിച്ചു. അർജുൻ ഉൾപ്പെടെ മണ്ണിടിഞ്ഞ് കാണാതായവർക്കായി തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ ഈ മാസം അഞ്ചിന് കർണാടക ഹൈകോടതിയിൽ ബോധിപ്പിച്ചിരുന്നു. പ്രതികൂല സാഹചര്യം കാരണമാണ് തിരച്ചിൽ താൽക്കാലികമായി നിർത്തി വെച്ചതെന്നായിരുന്നു അഡ്വ. ജനറൽ ശശി കിരൺ ഷെട്ടി കോടതിയെ അറിയിച്ചത്.

അഭിഭാഷകരായ സിജി മലയിൽ, കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ സമർപ്പിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വാദം കേട്ട വേളയിലാണ് സർക്കാറിന്റെ വിശദീകരണം. ഈ കേസിന്റെ തുടർ വാദം തിങ്കളാഴ്ച കർണാടക ഹൈകോടതിയിൽ നടക്കും. അർജുനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്ന വിഷയത്തിൽ വ്യക്തിപരമായി താൽപര്യമെടുത്ത് ഇടപെടണമെന്നായിരുന്നു പിണറായി വിജയൻ സിദ്ധരാമയ്യക്ക് അയച്ച കത്തിലെ ആവശ്യം.

Tags:    
News Summary - Angola Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.