മംഗളൂരു: ഭാഷയും ദേശവും അതിരിടാത്ത സഹജീവി സ്നേഹത്തോടെ മലയാളി ലോറി ഡ്രൈവർ അർജുനെ കാത്തിരിക്കുകയാണ് അനേകം ചരക്ക് ലോറി ഡ്രൈവർമാർ. അർജുൻ എന്ന പ്രതീക്ഷയിൽ കഴിയുമ്പോഴും അവരുടെ ഉള്ളിലും തീയുണ്ട്.
ഉത്തര കന്നഡ ഷിരൂർ അംഗോല ദേശീയപാതയിൽ ഈ മാസം 16ന് മണ്ണിടിഞ്ഞ മുതൽ ഈ റൂട്ടിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അർജുനായി തിരച്ചിൽ തുടങ്ങിയതോടെ പൂർണമായും നിരോധിച്ചു. വേഗം കേടാവുന്ന ചരക്കുകൾ ഉൾപ്പെടെ കയറ്റിയ നൂറുകണക്കിന് ലോറികൾ സംഭവസ്ഥലത്തുനിന്ന് മാറി നിരനിരയായി നിർത്തിയിട്ട നിലയിലാണ്. മാത്രമല്ല ആ പരിസരത്തെവിടെയും ആഹാരം കിട്ടാനുള്ള സൗകര്യവുമില്ല. നാട്ടുകാർ എത്തിച്ചുനൽകുന്ന ഭക്ഷണം കഴിച്ചാണ് ഇത്തരം ലോറികളിലെ ഡ്രൈവർമാർ വിശപ്പടക്കുന്നത്.
അർജുന് വേണ്ടി നടത്തിയ രക്ഷാപ്രവർത്തനത്തിൽ ദേശീയ പാതയിൽ വീണ മണ്ണ് മാറ്റിയതിനാൽ ഇനിയെങ്കിലും പോകാൻ അനുവദിക്കണമെന്ന് മംഗളൂരുവിൽനിന്ന് മഹാരാഷ്ട്ര കരാഡേക്ക് ചരക്കുലോറി അയച്ച മഹേഷ് കറന്തേക്കർ പറഞ്ഞു. ബി.ജെ.പി എം.എൽ.എ സിദ്ധു സവാദി ഈ ആവശ്യം അംഗീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. മണ്ണ് നീക്കിയെങ്കിലും പാതയിലൂടെയുള്ള ഗതാഗതം സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് അധികൃതർ പറഞ്ഞു. ഇടിഞ്ഞ കുന്നിന്റെ ശേഷിക്കുന്ന ഭാഗത്ത് കൂറ്റൻ ടവറും ചാഞ്ഞുനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.