ബംഗളൂരു: ബംഗളൂരുവിൽ നിന്ന് പാനൂർ, നാദാപുരം വഴി കോഴിക്കോട്ടേക്ക് പുതിയ ബസ് റൂട്ട് അനുവദിക്കാൻ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢിക്ക് എ.ഐ.കെ.എംസി.സി ബി.ടി.എം- മടിവാള കമ്മിറ്റി നിവേദനം നൽകി.
ബംഗളൂരുവിൽ കഴിയുന്ന കണ്ണൂർ, കോഴിക്കോട് മേഖലയിലെ മലയാളികൾ നാട്ടിലേക്ക് യാത്രക്കായി നിലവിൽ ആശ്രയിക്കുന്ന സ്വകാര്യ ബസുകൾ പലപ്പോഴും അമിത ചാർജ് ഈടാക്കുന്ന അവസ്ഥയാണെന്നും അമിത നിരക്ക് നൽകിയാൽ പോലും ഈ ബസുകളിൽ സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
കർണാടക ആർ.ടി.സിയുടെ പുതിയ ബസ് റൂട്ട് ബംഗളൂരുവിൽനിന്ന് മൈസൂർ, വിരാജ്പേട്ട, കൂട്ടുപുഴ, കൂത്തുപറമ്പ്, പാനൂർ, നാദാപുരം, വടകര വഴി കോഴിക്കോട്ടേക് അനുവദിക്കണമെന്ന് അവർ നിവേദനത്തിൽ ആവശ്യപ്പെട്ടു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സിദ്ധീഖ് തങ്ങളുടെ നേതൃത്വത്തിൽ ഏരിയ കമ്മിറ്റി നേതാക്കളായ സി.എച്ച്. റിയാസ്, സിറാജ് ഹാജി, സാദിഖ്, ഇർഷാദ് കണ്ണവം, ലത്തീഫ്, സൈഫു എരോത് എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്. വിഷയത്തിൽ അനുഭാവ പൂർണമായ നിലപാട് എടുക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.