ബംഗളൂരു: സംസ്ഥാനത്തെ വിവിധ ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കുമുള്ള നിയമനത്തിനുള്ള പട്ടിക കോൺഗ്രസ് തയാറാക്കി. അന്തിമ ചർച്ച നടത്തി ഡിസംബറിൽ നിയമനം നടത്തും. ചൊവ്വാഴ്ച രാത്രി കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി സ്വകാര്യ ഹോട്ടലിൽ ഏഴ് മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തുടങ്ങിയ യോഗം രാത്രി 10 വരെ നീണ്ടു. ഇതിനുശേഷം ഡി.കെ. ശിവകുമാർ, സുർജേവാലയുമായി പ്രത്യേകം സംസാരിക്കുകയും ചെയ്തു. മുതിർന്ന ചില എം.എൽ.എമാരെ യോഗത്തിലേക്ക് വിളിച്ച് അവരുടെ അഭിപ്രായം തേടിയിട്ടുമുണ്ട്.
മുൻമന്ത്രി ബസവരാജ് റായറെഡ്ഡിയെ യോഗത്തിലേക്ക് വിളിക്കുകയും പ്രധാന കോർപറേഷനിൽ നിയമനം നൽകാമെന്ന് പറയുകയും ചെയ്തെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ബോർഡിലോ കോർപറേഷനിലോ താൽപര്യമില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ചില വികസനകാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയെ കാണാനാണ് ഇവിടെ എത്തിയതെന്നും ലോക്സഭ തെരഞ്ഞെടുപ്പും ചർച്ചയായെന്നും റായറെഡ്ഡി പറഞ്ഞു.
ബോർഡുകളിലെയും കോർപറേഷനുകളിലെയും നിയമനത്തിനായി എം.എൽ.എമാർ, എം.എൽ.സിമാർ എന്നിവരുടെ 20 പേരുകൾ ഉൾപ്പെടുന്ന അന്തിമപട്ടികയാണ് യോഗത്തിൽ തയാറാക്കിയത്. ഇവരുമായി നേതാക്കൾ ഫോണിൽ സംസാരിക്കുകയും ചെയ്തു. അന്തിമതീരുമാനം ഹൈകമാൻഡായിരിക്കും എടുക്കുക. മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന മുതിർന്ന സാമാജികരെ ബോർഡുകളിലും കോർപറേഷനുകളിലും ഉൾപ്പെടുത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. പട്ടിക ഹൈകമാൻഡിന് കൈമാറുമെന്നും ഡിസംബറിൽ നിയമനം ഉണ്ടാകുമെന്നും ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബംഗളൂരുവിൽ നിന്നുള്ള എം.എൽ.എമാരോട് മാത്രമല്ല, കല്യാണ കർണാടക, കിട്ടൂർ കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരുമായും നിയമനം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും നവംബർ 28ന് നേതാക്കൾ വീണ്ടും യോഗം ചേരുമെന്നും ഡി.കെ പറഞ്ഞു.
അതേസമയം, നിയമനം ലഭിക്കാനായി പല സാമാജികരിൽനിന്നും മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും മേൽ വൻസമ്മർദമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.