ബംഗളൂരു: ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക സെപ്റ്റംബർ 26 നകം നൽകിയില്ലെങ്കിൽ 27 മുതൽ പണിമുടക്കിലേക്ക് കടക്കുമെന്ന് ആർ.ടി.സി ജീവനക്കാരുടെ ജോയന്റ് ആക്ഷൻ കമ്മിറ്റി. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ കോർപറേഷനുകളിലെയും ജീവനക്കാർ സംയുക്തമായി കഴിഞ്ഞ ദിവസം ബംഗളൂരു ഫ്രീഡം പാർക്കിൽ ധർണ നടത്തിയിരുന്നു.
ജീവനക്കാരുടെ ആറ് യൂനിയനുകളെയും പ്രതിനിധീകരിക്കുന്ന ജോയന്റ് ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തങ്ങളുടെ ആവശ്യങ്ങളടങ്ങിയ മെമോറാണ്ടം സമർപ്പിച്ചു. കമ്മിറ്റി പറയുന്നത് പ്രകാരം നാല് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കുമായി ഡിയർനസ് അലവൻസ് ഇനത്തിൽ 325 കോടി രൂപയും വിരമിച്ച ജീവനക്കാർക്കുള്ള അലവൻസിലേക്ക് 365 കോടി രൂപയും പ്രൊവിഡന്റ് ഫണ്ടിലേക്ക് 2452 കോടി രൂപയും വേതന കുടിശ്ശികയിനത്തിൽ 1785 കോടി രൂപയും സർക്കാർ നൽകാനുണ്ട്.
ഗതാഗത സേവനങ്ങളുടെ ചെലവുകൾ സമയബന്ധിതമായി വിലയിരുത്തി യാത്രാനിരക്കുകൾ പരിഷ്കരിക്കുന്നതിൽ സംസ്ഥാന സർക്കാറുകൾ വീഴ്ചവരുത്തിയതാണ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ നിലവിലെ സാമ്പത്തിക സ്ഥിതിക്ക് കാരണമായതെന്ന ശ്രീനിവാസ മൂർത്തി കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം യൂനിയനുകൾ എടുത്ത് കാണിക്കുന്നുണ്ട്. 2023-24 സാമ്പത്തിക വർഷം സ്ത്രീകൾക്ക് സൗജന്യ യാത്രയനുവദിച്ച ശക്തി പദ്ധതി പ്രകാരം സർക്കാർ കോർപറേഷനുകൾക്ക് 1180 കോടി രൂപ നൽകാനുണ്ടെന്നും ജോയന്റ് ആക്ഷൻ കമ്മിറ്റി പറയുന്നു. സെപ്റ്റംബർ 26 നകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 27 മുതൽ പണിമുടക്കിലേക്ക് കടക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.