ബംഗളൂരു: പാകിസ്താനിയെന്ന് ആരോപിച്ച് കർണാടക പൊലീസ് അറസ്റ്റു ചെയ്ത യുവതിക്ക് ഒടുവിൽ ഹൈകോടതി ജാമ്യം അനുവദിച്ചു. ഭട്കല് നവയാത് കോളനിയില്‍ താമസിച്ചിരുന്ന ഖദീജ മെഹ്റിനാണ് (33) ജാമ്യം ലഭിച്ചത്. മൂന്നു കുട്ടികളുടെ മാതാവാണിവർ. മൂന്നു വയസ്സുള്ള കുട്ടിക്കൊപ്പം 16 മാസമായി ജയിലിലായിരുന്നു ഇവർ.
യുവതിയുടെ ഭര്‍ത്താവ് ഭട്കല് സ്വദേശിയായ ജാവിദ് മുഹിയിദ്ദീന്‍ കഴിഞ്ഞ ഏപ്രില്‍ 22ന് മരിച്ചിരുന്നു. 2015 മുതല്‍ ഭര്‍ത്താവിനൊപ്പം താമസിച്ചുവരുകയായിരുന്ന യുവതിയെ 2021 ജൂണ്‍ ഒമ്പതിനാണ് പൊലീസ് അറസ്റ്റുചെയ്തത്. രേഖകളില്ലാതെ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടന്നുവെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
യുവതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസൊന്നുമില്ലെന്നും വെറും സംശയത്തിന്റെ പേരില്‍ യുവതിയെ കസ്റ്റഡിയില്‍ വെക്കരുതെന്നും ജസ്റ്റിസ് ശിവശങ്കര്‍ അമരന്നവാര് ജാമ്യം അനുവദിച്ച് പറഞ്ഞു.
പരാതിക്കാരി പൊലീസിന്റെ ബലിയാടായി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 16 മാസമായി കസ്റ്റഡിയിലാണെന്നും ഭട്കലിലാണ് താന്‍ ജനിച്ചതെന്നും വ്യക്തമാക്കിയാണ് യുവതി ജാമ്യത്തിന് അപേക്ഷിച്ചത്.
2014ല്‍ ദുബൈയില്‍ വെച്ചാണ് ഖദീജയും ജാവിദ് മുഹിയുദ്ദീനും വിവാഹിതരായത്. തുടര്‍ന്ന് മൂന്നുമാസത്തെ യാത്രവിസയില് ഭര്‍ത്താവിനൊപ്പം ഭട്കലിലെത്തി.
പിന്നീട് ദുബൈയിലേക്ക് തിരിച്ചുപോയെങ്കിലും 2015ല്‍ രേഖകളില്ലാതെ തിരിച്ചെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.