മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ പുത്തൂർ മണ്ഡലത്തിൽ ബി.ജെ.പിയിൽ തിരിച്ചെത്തിയ അരുൺകുമാർ പുത്തിലയെ വെട്ടിലാക്കി ശബ്ദസന്ദേശം പുറത്ത്. അനിൽ കുമാറിനെ പരാമർശിക്കുന്ന ഓഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ സ്ത്രീയോട് ഒപ്പമുള്ള രംഗങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് പുത്തൂർ സിറ്റിങ് എം.എൽ.എ സജീവ മഡന്തൂർ പ്രതിരോധത്തിലായിരുന്നു. തനിക്കെതിരെ ദൃശ്യങ്ങൾ ചമച്ചത് പാർട്ടിയിലെ ചിലർ തന്നെയാണെന്ന് സജീവ ആരോപിച്ചിരുന്നു. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ച പാർട്ടി ആശ തിമ്മപ്പ എന്ന വനിതക്കാണ് ടിക്കറ്റ് നൽകിയിരുന്നത്. സീറ്റ് മോഹിയായിരുന്ന അരുൺ കുമാർ പുത്തില റിബൽ സ്ഥാനാർഥിയായി. പുത്തില പരിവാർ എന്ന സംഘടന രൂപവത്കരിച്ച് പ്രവർത്തിച്ച അരുൺകുമാർ രണ്ടാം സ്ഥാനത്ത് എത്തി. കോൺഗ്രസ് സ്ഥാനാർഥി അശോക് കുമാർ റൈയാണ് 66607 വോട്ടുകൾ നേടി വിജയിച്ചത്. അരുൺ കുമാർ 62458 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പിയുടെ ആശ 37558 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് തള്ളപ്പെട്ടു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നട എം.പിയുമായിരുന്ന നളിൻ കുമാർ കട്ടീലാണ് തനിക്ക് പുത്തൂർ മണ്ഡലം സീറ്റ് നിഷേധിച്ചതെന്ന വിരോധമാണ് അരുൺ കുമാർ സൂക്ഷിച്ചിരുന്നത്. നളിൻ കട്ടീൽ രണ്ട് പദവികളിൽനിന്ന് പുറത്തായതോടെ അരുൺ കുമാർ നിരുപാധികമായി പാർട്ടിയിൽ തിരിച്ചെത്തി.
ദക്ഷിണ കന്നട ബി.ജെ.പി നേതൃത്വത്തിൽ ശക്തനാവുന്നതിനിടെയാണ് പുരുഷനും സ്ത്രീയും തമ്മിലുള്ള സംസാരത്തിൽ പുത്തിലയെ പരാമർശിക്കുന്ന 7.46 മിനിറ്റ് ദൈർഘ്യമുള്ള ഭാഗം ചോർന്ന് പ്രചരിക്കുന്നത്. മൂന്നരക്കോടിയുടെ ഇടപാട് സംബന്ധിച്ചും സംസാരത്തിൽ പരാമർശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.