ബംഗളൂരു: പ്രവാചകന്മാരായ ഇബ്രാഹിമിന്റെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണകള്‍ വിളിച്ചോതി ബലിപെരുന്നാള്‍ ആഘോഷിച്ചു. ദേവശയനി ഏകാദശിയും ബലിപെരുന്നാളും യാദൃച്ഛികമായി ഒരുമിച്ചെത്തിയപ്പോള്‍ നഗരത്തില്‍ സൗഹാർദത്തിന്റെ ആഘോഷമായി. പള്ളികളും അമ്പലങ്ങളും ഭക്തി സാന്ദ്രമായി. ഏകാദശി ആഘോഷത്തിന്റെ ഭാഗമായി കനക്പുര റോഡിലെ ഇസ്കോണ്‍ അമ്പലത്തില്‍ ജപം യജ്ഞം തുടങ്ങിയവ നടന്നു.
ചാമരാജ പേട്ടില്‍ നടന്ന ഈദ് ഗാഹില്‍ ഭവനമന്ത്രി ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാനൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തു. മനഃപൂർവം സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന ശക്തികള്‍ നമുക്കു ചുറ്റിലുമുണ്ടെന്നും അവരെ അകറ്റിനിർത്തണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ത്യാഗത്തിന്റെ പ്രതീകമാണ് ബലിപെരുന്നാള്‍. നമ്മളെല്ലാവരും വിവിധ മതവിശ്വാസികള്‍ ആണെങ്കിലും എല്ലാവരും മനുഷ്യരാണ്. പരസ്പരം സ്നേഹത്തോടെയും വിശ്വാസത്തോടെയും ഒത്തൊരുമയോടെയുമാണ് ജീവിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.
നമസ്കാരശേഷം വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്തും മധുരങ്ങള്‍ പങ്കിട്ടും ആശംസകള്‍ നേര്‍ന്നും സന്തോഷം കൈമാറി. കര്‍ണാടകയില്‍ കുറച്ചുനാളുകളായി പെയ്യുന്ന മഴ ആഘോഷത്തിന്റെ മാറ്റ് കുറച്ചില്ല. ദക്ഷിണ കന്നടയിലെ മംഗളൂരുവിൽ നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ ഈദ് ഗാഹില്‍ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്തു. സമാധാനപരമായ അന്തരീക്ഷത്തിലാണ് സംസ്ഥാനത്ത് മുഴുവൻ ബക്രീദ് ആഘോഷം അരങ്ങേറിയത്. ബലിപെരുന്നാളിന്റെ ഭാഗമായി മൈസൂരു നഗരത്തില്‍ വിവിധ ഇടങ്ങളില്‍ ഈദ് ഗാഹുകള്‍ സജീവമായി നടന്നു . തിലക് നഗറിലെ ഈദ് ഗാഹ് മൈതാനിയില്‍ രാവിലെ 10ന് നടന്ന ഈദ് ഗാഹിന് മൈസൂര്‍ ഖാസി ഹസ്രത്ത് മൗലാനാ മുഹമ്മദ് ഉസ്മാന് ഷരീഫ് നേതൃത്വം നൽകി.
സാമുദായിക സൗഹാര്‍ദത്തിന്റെ സന്ദേശം പ്രചരിപ്പിക്കണമെന്നും ഇതര സമുദായത്തിലെ ആളുകളെ കൂടി ആഘോഷങ്ങളില്‍ പങ്കുചേര്‍ക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉണർത്തി. രാജ്യ സുരക്ഷക്കും രാജ്യത്തിലെ എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനു വേണ്ടിയും അദ്ദേഹം പ്രത്യേകം പ്രാര്‍ഥിച്ചു. മുൻ എം.എൽ.എമാരായ വാസു, എം.കെ. സോമശേഖർ, സ്റ്റാർ ഓഫ് മൈസൂർ കോളമിസ്റ്റും നഗരത്തിലെ പ്രശസ്ത മെഡിക്കൽ പ്രാക്ടീഷണറുമായ ഡോ. ജാവീദ് കെ. നയീം, മൈസൂരു ജില്ലാ വഖഫ് ഓഫിസർ മുഷ്താഖ് അഹമ്മദ്, മാണ്ഡി പൊലീസ് ഇൻസ്പെക്ടർ നാഗേഷ്, മുൻ കോർപറേറ്റർ സുഹൈൽ ബെയ്ഗ്, കോൺഗ്രസ് നേതാവ് ഷൗക്കത്ത് അലി ഖാൻ, പത്രപ്രവർത്തകൻ അഫ്സർ പാഷ തുടങ്ങി നിരവധി നേതാക്കൾ ഈദ് ഗാഹില്‍ പങ്കെടുത്തു.
സിറ്റി പൊലീസ് കമീഷണർ ബി. രമേശിന്റെ നേതൃത്വത്തിൽ പൊലീസ് വിപുലമായ സുരക്ഷയും വാഹന പാർക്കിങ് ക്രമീകരണങ്ങളും ഒരുക്കി. തിലക് നഗര്‍, അശോക റോഡ്, ഗൗസിയാനഗർ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളിലും രാജീവ് നഗര്‍ മൂന്നാം സ്റ്റേജിലെ ഈദ്ഗാഹ് മൈതാനത്തിലും പെരുന്നാള്‍ നമസ്കാരം നടന്നു. പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ ബംഗളൂരു, മൈസൂരു തുടങ്ങിയ വിവിധയിടങ്ങളിൽ ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരവും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.