ബംഗളൂരു: ഇനി ദീപാവലി ആഘോഷ നാളുകൾ. നഗരത്തിലെങ്ങും താമസസ്ഥലങ്ങളിലും ഓഫിസിലുമടക്കം ആഘോഷങ്ങൾ നേരത്തേ തുടങ്ങിയിട്ടുണ്ട്. ശനി, ഞായർ അവധി ദിവസങ്ങളിൽ അപ്പാർട്മെന്റുകളിലും റെസിഡന്റ്സ് അസോസിയേഷനുകളിലും വിവിധ ആഘോഷങ്ങൾ ഗംഭീരമാകും. രംഗോലി മത്സരം, കലാപരിപാടികൾ, ഭക്ഷ്യമേള, കരിമരുന്ന് പ്രകടനം തുടങ്ങിയവയാണ് നടക്കുക. ദീപാവലി ദീപങ്ങൾ ഒരുക്കാനടക്കമുള്ള സാധനങ്ങൾ നേരത്തേ തന്നെ നഗരത്തിൽ വിൽപനക്കെത്തിയിരുന്നു.
ഉത്തരേന്ത്യക്കാരാണ് പ്രധാനമായും ദീപാവലി ആഘോഷിക്കുക. ഇതിനാൽ തന്നെ അവരുടെ പരമ്പരാഗത ഭക്ഷണ വിഭവങ്ങൾ രുചിച്ചറിയാനുള്ള അവസരം കൂടിയാണിത്.
പടക്കം പൊട്ടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം അത്തിബലെയിലെ പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയിൽ 17 പേർ മരിച്ചതിനെ തുടർന്ന് ഇത്തവണ കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ടു മുതൽ 10 വരെയാണ് പടക്കം പൊട്ടിക്കുന്നതിന് അനുമതിയുള്ളത്.
ഹരിത പടക്കങ്ങൾ മാത്രമേ പൊട്ടിക്കാൻ പാടുള്ളൂ. 125 ഡെസിബെല്ലിൽ താഴെ ശബ്ദമുള്ള പടക്കങ്ങൾ മാത്രമാണ് വിൽക്കാനും പൊട്ടിക്കാനും അനുമതിയുള്ളത്. നഗരത്തിൽ ബി.ബി.എം.പിയുടെ 70 ഗ്രൗണ്ടുകളിലായി 420 പടക്ക വിൽപന കേന്ദ്രങ്ങൾക്കാണ് താൽക്കാലിക അനുമതി നൽകിയത്. പടക്കങ്ങളുടെ ഗുണമേന്മ പരിശോധിക്കാൻ കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പരിശോധന നടത്തുന്നുണ്ട്.
സുരക്ഷയുടെ ഭാഗമായി വിവിധ അപ്പാർട്മെന്റ് കോംപ്ലക്സുകളിൽ പടക്കം പൊട്ടിക്കാനായി പ്രത്യേക സ്ഥലങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥലമില്ലാത്തവർക്ക് സമീപത്തെ ഗ്രൗണ്ടുകളിലും മറ്റുമാണ് ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹരിത പടക്കങ്ങൾക്കു മാത്രമാണ് അനുമതിയെങ്കിലും ദീപാവലി അടുക്കുന്നതോടെ നഗരത്തിലെ വായുമലിനീകരണത്തോത് ഉയരുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതോടെ പുകമലിനീകരണത്തിൽ കുറവു വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.