ബംഗളൂരു: പശ്ചിമ ബംഗാളിലെ വൻ ട്രെയിൻ ദുരന്തത്തെത്തുടർന്ന് മാറ്റിവെച്ച ബംഗളൂരു -മധുര വന്ദേഭാരത് ജൂലൈ ആദ്യം പ്രത്യേക സർവിസായി ആരംഭിക്കുന്നു. ഈ മാസം 20ന് തുടങ്ങേണ്ടിയിരുന്ന സർവിസ് 17നുണ്ടായ അപകടം കാരണം മാറ്റിവെക്കുകയായിരുന്നു.
ജൂൺ ആദ്യം എസ്.എം.വി.ടി ബംഗളൂരുവിനും മധുരക്കും ഇടയിൽ സർവിസ് ആരംഭിക്കുമെന്നാണ് ദക്ഷിണ റെയിൽവേ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പരീക്ഷണ ഓട്ടം വിജയകരമാവുകയും ചെയ്തു.പ്രത്യേക സർവിസ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർ പറഞ്ഞു.
നിശ്ചിത എണ്ണം ട്രിപ്പുകളോടെയാവും സർവസ്. തിരക്കേറിയ സീസണുകളിൽ അധിക ആവശ്യം നിറവേറ്റുന്നതിനായാണ് റെയിൽവേ സാധാരണയായി പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുന്നത്. വന്ദേ ഭാരത് പ്രത്യേക സർവിസ് അപൂർവമാണ്. ഈ മാസം ആദ്യം പ്രഖ്യാപിച്ച ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസ് പ്രത്യേക ട്രെയിനായി സർവിസ് നടത്തുന്നുണ്ട്.
രണ്ട് നഗരങ്ങൾക്കിടയിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിനാവുമെന്ന് പ്രതീക്ഷിക്കുന്ന വന്ദേഭാരത് എട്ട് മണിക്കൂറിനുള്ളിൽ 430 കിലോമീറ്റർ ദൂരം പിന്നിടും. നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനിന് ഒമ്പതര മണിക്കൂർ വേണ്ടിവരുന്നുണ്ട്. താൽക്കാലിക സമയക്രമം അനുസരിച്ച്, ട്രെയിൻ മധുരയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് ഉച്ച 1.15ന് എസ്.എം.വി.ടി ബംഗളൂരുവിൽ എത്തിച്ചേരും.
തിരിച്ച് എസ്.എം.വി.ടിയിൽ നിന്ന് ഉച്ചക്ക് 1.45ന് പുറപ്പെട്ട് രാത്രി 10.25ന് മധുരയിലെത്തും. ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, കരൂർ, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. നാമക്കൽ, കെ.ആർ പുരം എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകുമെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ചെയർ കാർ നിരക്ക് 1,200-1,300 രൂപയും എക്സിക്യൂട്ടിവ് ക്ലാസ് യാത്രക്കാർക്ക് 1,800-2,000 രൂപയുമാകും ടിക്കറ്റ് നിരക്കായി പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.