ബംഗളൂരു: മുഴുവൻ പ്രവൃത്തികളും പൂർത്തിയാവുന്നതിന് മുമ്പേ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലാഭത്തിന് ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നു നൽകിയതാണ് അപകടങ്ങൾക്ക് ഇടയാക്കിയതെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ആരോപിച്ചു. മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
എക്സ്പ്രസ് വേയുടെ മുഴുവൻ പ്രവൃത്തിയും പൂർത്തിയായ ശേഷമായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. അപകടം പതിവായതോടെ ട്രാഫിക് വിഭാഗം എ.ഡി.ജി.പി അലോക് കുമാർ കഴിഞ്ഞദിവസം മൈസൂരു, മണ്ഡ്യ, രാമനഗര എന്നിവിടങ്ങളിൽ എക്സ്പ്രസ് വേയിലെ ഭാഗങ്ങൾ പരിശോധിച്ചിരുന്നു.
അപകടങ്ങൾക്കിടയാക്കുന്ന ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പരമേശ്വര പറഞ്ഞു. എക്സ്പ്രസ് വേയിൽ ഗതാഗതം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ദേശീയപാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആവശ്യമായ സൈൻ ബോർഡുകളോ വേഗം നിയന്ത്രിക്കാനുള്ള മാർഗങ്ങളോ പരിശോധനയോ ഏർപ്പെടുത്തിയിട്ടില്ല. എ.ഡി.ജി.പിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ദേശീയപാത അതോറിറ്റിയോട് നിർദേശിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ടോൾ പിരിക്കുന്നതിൽ സംസ്ഥാന സർക്കാറിന് ഒരു നിയന്ത്രണവുമില്ലെന്നും പ്രവൃത്തി മുഴുവൻ പൂർത്തിയാക്കിയ ശേഷമാണ് ടോൾ പിരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മൈസൂരുവിൽ ഐ.ജി ഓഫിസിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.