ബംഗളൂരു: പത്തുവരിപ്പാതയാക്കിയ ബംഗളൂരു-മൈസൂരു അതിവേഗപാതയുടെ ഉദ്ഘാടനം മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. അന്നേദിവസം പാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് മാണ്ഡ്യ ഡെപ്യൂട്ടി കമീഷണർ എച്ച്.എൻ. ഗോപാലകൃഷ്ണ അറിയിച്ചു.
മാർച്ച് 11നാണ് ഉദ്ഘാടനമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. മദ്ദൂർ താലൂക്കിലെ ഗെജ്ജാലഗെരെയിലാണ് അതിവേഗപാതയുടെ ഉദ്ഘാടനം നടക്കുക. മാണ്ഡ്യയിൽ പ്രധാനമന്ത്രിയുടെ റോഡ്ഷോയും നടക്കും. ഐ.ബി സർക്കിളിൽനിന്ന് സഞ്ജയ് സർക്കിൾവഴി നന്ദ സർക്കിളിലേക്കാണ് 1.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്ഷോ നടത്താൻ പദ്ധതി.
പ്രധാനമന്ത്രിയുടെ സുരക്ഷ മുൻനിർത്തിയാണ് പാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.
മാർച്ച് 12ന് മൈസൂരുവിൽനിന്ന് മാണ്ഡ്യ വഴി ബംഗളൂരുവിലേക്കുള്ള വാഹനങ്ങൾ മൈസൂരു-ബന്നൂർ-കിരുഗാവലു-മലവള്ളി-ഹാലഗുർ-കനകപുര വഴിയാണ് പോകേണ്ടത്. ബംഗളൂരുവിൽനിന്ന് മാണ്ഡ്യ വഴി മൈസൂരുവിലേക്കുള്ള വാഹനങ്ങൾ ബംഗളൂരു-ചന്നപട്ടണ-ഹാലഗുർ-മലവള്ളി-കിരുഗാവലു-ബന്നൂർ വഴി പോകണം. മൈസൂരുവിൽനിന്ന് മാണ്ഡ്യ വഴി തുമകൂരുവിലേക്കുള്ള വാഹനങ്ങൾ മൈസൂരു-ശ്രീരംഗപട്ടണ-പാണ്ഡവപുര-നാഗമംഗല-ബെല്ലൂർ ക്രോസ് വഴി പോകണം.
തുമകൂരുവിൽനിന്ന് മദ്ദൂർ-മാണ്ഡ്യ വഴി മൈസൂരുവിലേക്കുള്ള വാഹനങ്ങൾ തുമകുരു-ബെല്ലൂർ ക്രോസ്-നാഗമംഗള-പാണ്ഡവപുര-ശ്രീരംഗപട്ടണ വഴിയാണ് പോകേണ്ടത്. ബംഗളൂരുവിൽനിന്ന് മദ്ദൂർ വഴി കൊല്ലെഗലിലേക്കുള്ള വാഹനങ്ങൾ ബംഗളൂരു-ചന്നപട്ടണ-ഹാലഗുർ-മലവള്ളി വഴി പോകണം.
ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അടിപ്പാതകൾ, 11 മേൽപാതകൾ, അഞ്ച് ബൈപാസുകൾ എന്നിവയുള്ള മൈസൂരു-ബംഗളൂരു പാത പണി പൂർത്തിയായ ഭാഗങ്ങൾ നിലവിൽതന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.
117 കിലോമീറ്റർ ദൂരം വരുന്ന പാതയിലൂടെ ബംഗളൂരു മുതൽ മൈസൂരു വരെ യാത്ര ചെയ്യാൻ പരമാവധി ഒന്നര മണിക്കൂർ മതിയെന്നാണ് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) വ്യക്തമാക്കുന്നത്. നിലവിൽ റോഡ് മാർഗം 3-4 മണിക്കൂർ വരെ സമയം വേണം. ആദ്യഘട്ടത്തിൽപെട്ട മാണ്ഡ്യ നിദ്ദഘട്ട മുതൽ ബംഗളൂരു കെങ്കേരി വരെയുള്ള 56 കിലോമീറ്റർ ദൂരത്തെ പണി 90 ശതമാനവും പൂർത്തിയായി. രണ്ടാംഘട്ടത്തിലെ നിദ്ദഘട്ട മുതൽ മൈസൂരു റിങ് റോഡ് ജങ്ഷൻ വരെയുള്ള 61 കിലോമീറ്റർ ദൂരത്തെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.