ബംഗളൂരു: ബംഗളൂരു-മൈസൂരു പാതയിൽ കർണാടക ആർ.ടി.സികളുടെ ബസുകൾക്ക് വേഗപരിധി നിശ്ചയിച്ചു. വേഗം 80 കിലോമീറ്ററിലധികം ആകരുതെന്നാണ് ഡ്രൈവർമാർക്കുള്ള നിർദേശം. നിശ്ചിത ട്രാക്കിലൂടെ മാത്രമെ ബസ് ഓടിക്കാവൂവെന്നും ട്രാക്ക് മാറേണ്ടിവന്നാൽ നിർബന്ധമായും ഇൻഡിക്കേറ്ററുകൾ ഇടണമെന്നും ഇരുവശങ്ങളിലെയും കണ്ണാടികൾ നോക്കണമെന്നുമെല്ലാം നിർദേശം നൽകിയിട്ടുണ്ട്. പാതയിൽ 25 ഇടങ്ങൾ അപകടങ്ങൾക്കിടയാക്കുന്നതാണെന്ന് എ.ഡി.ജി.പി. അലോക് കുമാർ കണ്ടെത്തിയിരുന്നു. ഈ 25 ബ്ലാക്ക് സ്പോട്ടുകളിൽ വളരെയധികം ശ്രദ്ധവേണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. പാതയിൽ മറ്റുവാഹനങ്ങൾക്ക് പരമാവധി വേഗം 100 കിലോമീറ്ററാണ് നിശ്ചയിച്ചിരിക്കുന്നത്. അപകടങ്ങൾ തുടർക്കഥയായതോടെയാണ് വേഗനിയന്ത്രണം ഏർപ്പെടുത്തിയത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമെല്ലാം എക്സ്പ്രസ്വേ എന്ന് പ്രചരിപ്പിച്ച പാത അങ്ങനെയല്ലെന്നും ദേശീയ പാത മാത്രമാണെന്നും കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റി വിശദീകരിച്ചിരുന്നു. എക്സ്പ്രസ് വേകളിലെ കൂടിയ വേഗപരിധി 120 കി.മീ ആണ്. പാത എക്സ്പ്രസ് വേ ആണെന്ന് കരുതി നൂറുകിലോമീറ്ററിന് മുകളിൽ വാഹനമോടിച്ചവർക്ക് പിഴ അടക്കേണ്ടിവരുന്നുണ്ട്. ഇതിൽ പ്രതിഷേധമുയർന്നപ്പോഴാണ് പാത ദേശീയ പാതയാണെന്നും 100 കി.മീ ആണ് കൂടിയ വേഗപരിധിയെന്നുമുള്ള പുതിയ വിശദീകരണം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.