ബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) തെരഞ്ഞെടുപ്പ് ഡിസംബർ 31നകം നടത്തണമെന്ന് ഹൈകോടതി ഉത്തരവ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ലാതെ രണ്ട് വർഷത്തിലധികമായി ബി.ബി.എം.പി പ്രവർത്തിക്കുന്നു. നവംബർ 30നകം സംവരണപട്ടിക പുനഃക്രമീകരിക്കണമെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നുണ്ട്.
സംവരണപട്ടിക സംബന്ധിച്ച ഒരു കൂട്ടം പരാതികൾ പരിഗണിക്കവേ ജസ്റ്റിസ് ഹേമന്ദ് ചന്ദഗൗഡറാണ് ഉത്തരവ് നൽകിയിരിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ മുനിസിപ്പൽ കോർപറേഷനാണ് ബി.ബി.എം.പി. 2015ൽ തെരഞ്ഞെടുക്കപ്പെട്ട കോർപറേറ്റർമാരുടെ കാലാവധി 2020 സെപ്റ്റംബർ പത്തിന് അവസാനിച്ചതാണ്. നിലവിൽ കോർപറേറ്റർമാരില്ലാതെ 20 മാസത്തിലധികമായി. 2020 സെപ്റ്റംബറിന് മുന്നേ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നുവെങ്കിലും നടന്നില്ല. തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് വാർഡ് പുനർനിർണയം നേരത്തേ പൂർത്തിയായിരുന്നു. ബി.ബി.എം.പി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ 33 ശതമാനം സീറ്റുകൾ ഒ.ബി.സി വിഭാഗങ്ങൾക്കായി മാറ്റിവെക്കണമെന്ന് സർക്കാർ നിയോഗിച്ച കമീഷൻ റിപ്പോർട്ടിൽ നിർദേശമുണ്ട്.
ബി.ബി.എം.പി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. 243 വാര്‍ഡുകളിലെ 79,19,563 പേരാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 41,14,383 പുരുഷന്മാരും 38,03,747 വനിതകളുമാണുള്ളത്. കോർപറേഷനില്‍ പുതുതായി 45 വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തത് ഈയിടെയാണ്. അന്തിമ വോട്ടര്‍പട്ടിക bbmp.gov.in എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.