ബംഗളൂരു: നഗരത്തില്‍ മഴക്കെടുതി നേരിടാന്‍ 63 ‘വാര് റൂമുകള്‍' തുറക്കുമെന്ന് ബി.ബി.എം.പി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര് റൂമുകളില്‍ അഞ്ചുമുതല്‍ എട്ടുവരെ ജീവനക്കാരുണ്ടാകും.സെപ്റ്റംബര്‍ വരെയാണ് വാര് റൂമുകള്‍ പ്രവര്‍ത്തിക്കുക. മരം മുറിച്ചുനീക്കാനും അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളും ഇത്തരം കേന്ദ്രങ്ങളിലുണ്ടാകും. ഓരോ കേന്ദ്രത്തിന്റെയും ചുമതല അസി. എക്സി. എന്‍ജിനീയര്‍മാര്‍ക്കാണ്.
പദ്ധതിക്കായി 3.15 കോടി നീക്കിവെച്ചതായി ബി.ബി.എം.പി. സ്പെഷല്‍ കമീഷണര്‍ പി.എന്‍. രവീന്ദ്ര അറിയിച്ചു. വാര് റൂമുകളെ ഏകോപിപ്പിക്കാന്‍ ബി.ബി.എം.പി ആസ്ഥാനത്ത് പ്രത്യേക കേന്ദ്രമുണ്ടാകും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിക്കാനും തീരുമാനമുണ്ട്.മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അതത് സമയം ഈ ഗ്രൂപ്പിലൂടെ കൈമാറും. ഇതോടെ മഴക്കെടുതി നേരിടാനുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.
നഗരത്തിലെ അടിപ്പാതകളില്‍ കാമറകളും ലൈറ്റുകളും സ്ഥാപിക്കാന്‍ ബി.ബി.എം.പി. തീരുമാനിച്ചിരുന്നു. അടിപ്പാതകളില്‍ വാഹനങ്ങള്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതകളുള്ള പ്രദേശങ്ങളില്‍ ഓവുചാലുകളില്‍ അടിഞ്ഞുകൂടിയ ചളിയും മാലിന്യങ്ങളും നീക്കുന്ന പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഒഴുകിപ്പോകാന്‍ പ്രത്യേകം പൈപ്പുകളും സ്ഥാപിച്ചുവരുകയാണ്.
കഴിഞ്ഞ മഴക്കാലത്ത് ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫീല്‍ഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. ഐ.ടി കമ്പനികളിലുള്‍പ്പെടെ വലിയ നാശനഷ്ടവുമുണ്ടായി. ഇത്തവണ ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിച്ചതായി ബി.ബി.എം.പി അറിയിച്ചു. മഹാദേവപുര സോണിൽ വൻകിടക്കാരുടെ 15 കെട്ടിടങ്ങളാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.
ബാഗമനെ ടെക് പാർക്, പൂർവ പാരഡൈസ് ആൻഡ് അദേഴ്സ്, ആർ.ബി.ഡി, വിപ്രോ, ഇക്കോ സ്പേസ്, ഗോപാലൻ ബെള്ളന്തൂർ, ഗോപാലൻ ഹൂഡി, ദിവ്യ സ്കൂൾ ആൻഡ് അദേഴ്സ്, ഗോപാലൻ ആൻഡ് അദേഴ്സ് ഹൂഡി, ആദർശ, കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ, ന്യൂ ഹൊറിസോൺ കോളജ്, ആദർശ റിട്രീറ്റ്, എപിസ്ലോൺ ആൻഡ് ദിവ്യ ശ്രീ, പ്രസ്റ്റീജ്, സലാപൂരിയ ആൻഡ് ആദർശ, നാലപാട് എന്നീ 15 കമ്പനികളുടെ കെട്ടിടങ്ങളാണിവ. പാവപ്പെട്ടവരുടെ കൈയേറ്റങ്ങൾ മതിയായ സമയം നൽകാതെ പൊളിച്ചുമാറ്റുകയും വൻകിടക്കാരുടെ കാര്യത്തിൽ മെല്ലപ്പോക്ക് നടത്തുന്നതിനെയും ഹൈകോടതി വിമർശിച്ചിരുന്നു.
ബംഗളൂരു ഈസ്റ്റ് ഡിവിഷനിൽ 110 കൈയേറ്റങ്ങളാണ് കണ്ടെത്തിയത്. വെസ്റ്റ് ഡിവിഷനിൽ ഒന്നുമാത്രമാണ് ഒഴിപ്പിച്ചത്. 58 അനധികൃത കെട്ടിടങ്ങൾക്കെതിര നടപടിയെടുത്തിട്ടില്ല. സൗത്ത് ഡിവിഷനിൽ 20 കൈയേറ്റങ്ങൾ പൊളിക്കാനുണ്ട്. യെലഹങ്ക സോണിൽ 12 കൈയേറ്റങ്ങളാണ് പൊളിച്ചത്. 84 എണ്ണം ബാക്കിയുണ്ട്. മഹാദേവപുര സോണിൽ 48 കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. 133 എണ്ണം ബാക്കിയുണ്ട്. ബൊമ്മനഹള്ളിയിൽ ആകെ 75 കൈയേറ്റങ്ങളിൽ 17 എണ്ണമാണ് ഒഴിപ്പിച്ചത്. ആർ.ആർ. നഗറിൽ മൂന്ന് കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. ആറെണ്ണം ബാക്കിയുണ്ട്. ദാസറഹള്ളി സോണിൽ 113 കൈയേറ്റങ്ങൾ നീക്കാനുണ്ട്. ഇവിടെ 13 എണ്ണമാണ് ഒഴിപ്പിച്ചത്.
കോറമംഗല വാലി മേഖലയിൽ മൂന്ന് കൈയേറ്റങ്ങൾ ഇനിയും ഒഴിപ്പിക്കാനുണ്ട്. നഗരത്തിലെ ആകെ എട്ടുസോണുകളിലായി 600ൽ അധികം കൈയേറ്റങ്ങൾ ഇനിയും ഒഴിപ്പിക്കാനുണ്ടെന്നാണ് കണക്ക്. കൈയേറ്റങ്ങൾ പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.