ബംഗളൂരു: രേണുക സ്വാമി കൊലക്കേസ് പ്രതിയായ കന്നട സൂപ്പർ സ്റ്റാർ ദര്ശന് കര്‍ണാടക ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീൽ നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു.
കഴിഞ്ഞ മാസം 30നാണ് ദര്ശന് നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകാന്‍ കോടതി ആറാഴ്ചത്തേക്ക് ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ച് മൂന്നാഴ്ചയാകാനായിട്ടും ഇതുവരെ ശസ്ത്രക്രിയക്ക് വിധേയനായിട്ടില്ല.
ഇടക്കാല ജാമ്യം ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര നേരത്തേ വ്യക്തമാക്കിയിരുന്നു. 131 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദര്ശന് പുറത്തിറങ്ങിയത്. ആദ്യം ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലും തുടര്‍ന്ന് ബല്ലാരി ജയിലിലുമായിരുന്നു ദര്ശന്. ജൂണ്‍ 11നാണ് അറസ്റ്റിലായത്.
നടന്റെ ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമിയെ ദര്‍ശനും കൂട്ടുപ്രതികളും ചേര്‍ന്ന് ബംഗളൂരുവിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ദര്‍ശനും നടി പവിത്ര ഗൗഡയും ഉള്‍പ്പെടെ 17 പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതിയായ പവിത്ര ഗൗഡ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ്. രണ്ടാം പ്രതിയാണ് ദര്ശന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.