ബംഗളൂരു: മഗ്‌രിബ് ബാങ്ക് (സന്ധ്യ സമയം)വിളിക്കുന്ന സമയം വലിയ ശബ്ദത്തിൽ ‘ഹനുമാൻ സ്തോത്രം’ സംഗീതം വെച്ചതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. കേസിൽ കാസറ്റ് കടയുടമയെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസിനെ കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കാറന്ത്ലാജെ, തേജസ്വി സൂര്യ എംപി, സുരേഷ് കുമാർ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ബിജെപി, സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു. ഇവരേയും പ്രവർത്തകരേയും ഹലസുഗുരു ഗേറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
സിദ്ധനഹള്ളി കുബ്ബോൺപേട്ടിൽ മസ്ജിദ് റോഡിലെ കടയുടമ മുകേഷിനെ(26) കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് എത്തിയത്. ഇതോടെ ഹനുമാൻ മുദ്രയുള്ള കാവിക്കൊടികളേന്തി നൂറുകണക്കിന് യുവാക്കൾ കടയുടെ മുന്നിലെത്തി. ഹനുമാൻ സ്തോത്രം മുദ്രാവാക്യ രൂപത്തിൽ ഉരുവിട്ട് തടിച്ചു കൂടിയ സംഘത്തിന് നേതൃത്വം നൽകാൻ ബംഗളൂരു നോർത്ത് നിയുക്ത ബി.ജെ.പി സ്ഥാനാർഥി കൂടിയായ കേന്ദ്ര മന്ത്രി ശോഭ കാറന്ത്ലാജെയും എംപിയും എംഎൽഎയും എത്തി. സംഘർഭരിതമായ അന്തരീക്ഷത്തിൽ തടസ്സങ്ങൾ നീക്കി പൊലീസ് കടയുടമയെ കസ്റ്റഡിയിൽ എടുത്തു.
‘ഇത് ബംഗളൂരു തന്നെയല്ലേ? മുമ്പ് കശ്മീരിൽ എന്നപോലുള്ള സംഭവമാണ് നടന്നത്. ഞങ്ങൾ ഉന്നമിടപ്പെട്ടിരിക്കുന്നു. ഞാൻ കടയിൽ ഹനുമാൻ ചാലിസ വെച്ചതാണ്. മസ്ജിദിൽ ബാങ്ക് വിളിക്കുന്ന 6.30ന് അത് വേണോ എന്ന് ചോദിച്ച് കടയിൽ വന്ന യുവാക്കൾ അക്രമിച്ചു’ -പൊലീസ് കസ്റ്റഡിയിലെടുത്ത മുകേഷ് പറഞ്ഞു.
ഞായറാഴ്ച സന്ധ്യക്ക് കാസറ്റ് കട അക്രമിച്ചുവെന്ന ഉടമയുടെ പരാതിയിൽ സുലൈമാൻ (25), ഷാനവാസ് (23), രോഹിത് (21), ഡാനിഷ്(22), തരുണ (24) എന്നിവർക്കെതിരെ പൊലീസ് കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.