ബംഗലൂരു: ബംഗളൂരുവിലെ പ്രമുഖ കോഫിഷോപ്പിൽ ഒളി കാമറ കണ്ടെത്തി യുവതി. തേഡ് വേവ് കോഫി ഷോപ്പിൽ ടോയ്‍ലറ്റിലെ ഡെസ്റ്റിബിനിൽ ഒളികാമറ വെച്ചത് യുവതിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. കടയിലെ ജീവനക്കാരനാണ് ഡെസ്റ്റ്ബിനിൽ സ്മാർട്ഫോൺ വെച്ചതെന്ന് പിന്നീട് കണ്ടെത്തി. ഇയാളെ കടയിൽ നിന്ന് പിരിച്ചുവിട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഡെസ്റ്റ്ബിനിൽ വെച്ച സ്മാർട് ഫോൺ രണ്ടുമണിക്കൂറോളം വിഡിയോ ചിത്രീകരിച്ചതായും കണ്ടെത്തി. ടോയ്‍ലറ്റ് സീറ്റിന് അഭിമുഖമായാണ് ഫോൺ വെച്ചിരുന്നത്. ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കടയുടമ ഉറപ്പുനൽകി.
കസ്റ്റമേഴ്സിന്റെ സ്വകാര്യതയും സുരക്ഷയുമാണ് എപ്പോഴും മുൻഗണനയിലെന്നും ഇത്തരത്തിലൊരു സംഭവമുണ്ടായതിൽ ഖേദിക്കുന്നുവെന്നും കടയുടമ പറഞ്ഞു. ഇതിന് കാരണക്കാരനായ വ്യക്തിയെ ഉടൻ കടയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അയാൾക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്.-എന്നും കോഫി ഷോപ് ഉടമ കൂട്ടിച്ചേർത്തു.
ഡസ്റ്റ്ബിനിൽ ഫ്ലൈറ്റ്മോഡിലിട്ടാണ് സ്മാർട് ഫോൺ വെച്ചിരുന്നത്. അതിനാൽ വിഡിയോ ചിത്രീകരിച്ചപ്പോൾ ആരും ശബ്ദം കേട്ടില്ല. ഡസ്റ്റ്ബിനിൽ ചെറിയ ദ്വാരമുണ്ടാക്കി അതിനകത്തേക്ക് ഫോൺ വെക്കുകയായിരുന്നു. ഫോണും പുറത്തേക്ക് കാണാൻ സാധിക്കുമായിരുന്നില്ല. ഫോൺ കണ്ടെത്തിയപ്പോൾ പരിഭ്രാന്തയായ യുവതി കഫേയിലെ ജീവനക്കാരെ വിളിക്കുകയായിരുന്നു. പെട്ടെന്നു തന്നെ തങ്ങളിൽപെട്ട ഒരാളുടേതാണ് ഫോൺ എന്ന് അവർ തിരിച്ചറിഞ്ഞു. ഉടൻ പൊലീസിൽ വിവരമറിയിച്ചു. റസ്റ്റാറന്റുകൾ, കഫേകൾ, എന്തിന് ജയിൽ മുറിയിൽ പോലും ഇത്തരം സംഭവം ആവർത്തിക്കാമെന്നും ടോയ്‍ലറ്റു പോലുള്ള ഇടങ്ങളിൽ കയറുമ്പോൾ സ്ത്രീകൾ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.