മംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മലയിലെ തീം പാർക്കിൽ സ്ഥാപിച്ച പരശുരാമൻ പ്രതിമയുടെ മറവിൽ ബി.ജെ.പി നടത്തിയ തട്ടിപ്പ് പുറത്ത് കൊണ്ടുവരും വരെ പോരാട്ടം തുടരുമെന്ന് കാർക്കള പരശുരാമ തീം പാർക്ക് വെൽഫെയർ കമ്മിറ്റി ബൈലൂരു മരിഗുഡി ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രഖ്യാപിച്ചു. നഗരസഭ കൗൺസിലറും കോൺഗ്രസ് വക്താവുമായ ശുഭത റാവു ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് തീം പാർക്ക് വികസനത്തിന് എതിരായല്ല, പകരം വെങ്കലം എന്ന പേരിൽ ഫൈബർ പ്രതിമ സ്ഥാപിച്ച അഴിമതിക്കെതിരെയാണ് രംഗത്തിറങ്ങിയതെന്ന് റാവു പറഞ്ഞു.
നിർമിതിയിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതർ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയത് കോൺഗ്രസ് നേതാക്കളും നാട്ടുകാരുമാണ് പുറത്തു കൊണ്ടുവന്നിരുന്നത്.
കഴിഞ്ഞ വർഷം ജനുവരി 27ന് അനാച്ഛാദനം ചെയ്ത വെങ്കലപ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജ മന്ത്രി കാർക്കള എം.എൽ.എ വി.സുനിൽ കുമാർ തന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്ന് ആക്ഷേപം ഉയർന്നിരുന്നു. തീം പാർക്കിലേക്ക് വിനോദ സഞ്ചാരികളെ വിലക്കി കാർക്കള തഹസിൽദാർ ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിമ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞു. മിനുക്ക് പണികൾക്ക് ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ സ്ഥലം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഭൂനിരപ്പിൽ നിന്ന് 50 അടി ഉയരത്തിൽ സ്ഥാപിച്ച 33 അടി ഉയരമുള്ള പ്രതിമ നിർമാണത്തിന് 15 ടൺ വെങ്കലം ഉപയോഗിച്ചെന്നാണ് കണക്ക്.
തീം പാർക്ക് നിർമാണ അഴിമതി ചൂണ്ടിക്കാട്ടിയും കാലികൾക്ക് മേയാനുള്ള (ഗോമാല) ഭൂമി പാർക്കാക്കുന്നതിനെതിരെയും ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്താലിഖ് സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി തള്ളിയിരുന്നു. 10 കോടി ചെലവിൽ കർണാടക വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പാർക്ക് ഒരുക്കിയത്. സമുദ്ര നിരപ്പിൽ നിന്ന് 450 അടി ഉയരത്തിലുള്ള മലയിൽ മ്യൂസിയം, 500 ഇരിപ്പിടം, റസ്റ്റാറന്റ് തുടങ്ങിയ സൗകര്യങ്ങൾ പാർക്കിൽ ഉണ്ട്. പ്രതിമയുടെ നിർമാണ സാമഗ്രികൾ ഗുണനിലവാരം കുറഞ്ഞതാണെന്ന് ഹരജിയിൽ ആരോപണമുണ്ടായിരുന്നു. കോൺഗ്രസ് ഈ ആരോപണങ്ങൾ ഏറ്റുപിടിക്കുകയും പരാതി നൽകുകയും ചെയ്തതിനെത്തുടർന്ന് ചുമത്തിയ കേസിന്റെ അന്വേഷണം നിർത്തിവെക്കുകയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയുമായിരുന്നു പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.