ബംഗളൂരു: മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ അഴിമതിക്കേസിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ എം.എൽ.എ അറസ്റ്റിൽ. ദാവൻകരെ ചന്നഗിരി മണ്ഡലം എം.എൽ.എയായ മദാൽ വീരുപക്ഷപ്പയാണ് ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ തിങ്കളാഴ്ച അറസ്റ്റിലായത്. ചന്നഗിരിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ തുമകുരു റോഡിലെ ക്യാത്സാന്ദ്ര ടോൾ ബൂത്തിൽനിന്നാണ് എം.എൽ.എയെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്.
ലോകായുക്ത പൊലീസുമായി കേസന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നുകണ്ടാണ് നേരത്തേ നൽകിയിരുന്ന ഇടക്കാല മുൻകൂർ ജാമ്യം ഹൈകോടതി റദ്ദാക്കുകയും തുടർജാമ്യഹരജി തള്ളുകയും ചെയ്തത്. സംസ്ഥാനസർക്കാർ സ്ഥാപനമായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡി (കെ.എസ്.ഡി.എൽ) ന്റെ ചെയർമാനായിരുന്ന കാലത്ത് നടന്ന അഴിമതിക്കേസിലാണ് നടപടി. അസംസ്കൃതവസ്തുക്കൾ വിതരണം ചെയ്യാനുള്ള കരാർ നൽകാനായി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ബാംഗ്ലൂർ വാട്ടർ സൈപ്ല ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) ചീഫ് അക്കൗണ്ടന്റ് കൂടിയായ മകൻ പ്രശാന്ത് മദാൽ മുഖേനയായിരുന്നു കൈക്കൂലി ഇടപാടുകൾ. ബിൽ പാസാക്കാനായി 81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 40 ലക്ഷം രൂപ വാങ്ങുന്നതിനിടെ പ്രശാന്ത് മദാലിനെ ലോകായുക്ത പൊലീസ് ഓഫിസിൽനിന്ന് അറസ്റ്റ്ചെയ്യുകയും ചെയ്തിരുന്നു. 8.02 കോടി രൂപ ഇയാളുടെ ഓഫിസിൽനിന്നും വീട്ടിൽനിന്നുമായി പിടിച്ചെടുത്തു. എം.എൽ.എയുടെ ദാവൻകരെയിലെ വീട്ടിലും ഫാം ഹൗസിലും നടത്തിയ റെയ്ഡിൽ 16.5 ലക്ഷം രൂപയും രണ്ടു കിലോയിലേറെ സ്വർണവും 26 കിലോ വെള്ളിയും കണ്ടെടുത്തിരുന്നു. കേസിലെ ഒന്നാംപ്രതിയാണ് വീരുപക്ഷപ്പ. രണ്ടാം പ്രതിയാണ് പ്രശാന്ത് മദാൽ.
കേസെടുത്തതോടെ ഒളിവിൽപോയ എം.എൽ.എയെ കണ്ടെത്താൻ ഏഴ് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് 48 മണിക്കൂറിനകം അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെ മുമ്പ് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ് ലോകായുക്തക്കു മുന്നിൽ ഹാജരായത്.
മുൻകൂർ ജാമ്യം ലഭിച്ചശേഷം ഒളിസങ്കേതത്തിൽനിന്ന് പുറത്തുവന്ന വിരുപക്ഷപ്പക്ക് ദാവൻകരെയിൽ ബി.ജെ.പി പ്രവർത്തകർ വൻവരവേൽപാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.