മംഗളൂരു: ഉത്തര കന്നട ജില്ലയിലെ യെല്ലപ്പൂർ മണ്ഡലം ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയും എ. ശിവറാം ഹെബ്ബാറിന്‍റെ മകൻ വിവേക് ഹെബ്ബാർ വ്യാഴാഴ്ച സഹപ്രവർത്തകർക്കൊപ്പം കോൺഗ്രസിൽ ചേർന്നു. ഉത്തര കന്നട ജില്ലയിലെ ബനവാസിയിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.സിയും കെ.പി.സി.സി വൈസ് പ്രസിഡന്‍റുമായ ഐവൻ ഡിസൂസയും പ്രാദേശിക നേതാക്കളും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.
ഫെബ്രുവരി 27ന് കർണാടകയിൽ നിന്നുള്ള രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ നിന്ന് ശിവറാം ഹെബ്ബാർ വിട്ടു നിന്നിരുന്നു. വിപ്പ് ലംഘിച്ചതിന് പാർട്ടി നേതൃത്വം വിശദീകരണം തേടിയതിന് ആരോഗ്യ പ്രശ്നങ്ങൾ കാരണം ഹാജരായില്ല എന്ന മറുപടിയും നൽകി. ഇദ്ദേഹം കോൺഗ്രസിലേക്ക് എന്ന അഭ്യൂഹങ്ങൾക്കിടെയാണ് മകൻ ചേർന്നത്. എച്ച്.ഡി. കുമാര സ്വാമി നേതൃത്വം നൽകിയ കോൺഗ്രസ് -ജെഡി-എസ് സഖ്യ സർക്കാർ 2019 ജൂലൈയിൽ മറിച്ചിടാൻ ബി.ജെ.പി നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ രാജിവെച്ച 17 കോൺഗ്രസ് എം.എൽ.എമാരിൽ ഒരാളാണ് ശിവറാം ഹെബ്ബാർ.
ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് വീണ്ടും എം.എൽ.എയാവുകയും ബി.ജെ.പി സർക്കാറിൽ മന്ത്രിയാവുകയും ചെയ്തു. ഈയിടെ ഇദ്ദേഹം ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റുമായ ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.