ബംഗളൂരു: നിയമസഭ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങിയെങ്കിലും ബി.ജെ.പിക്ക് ഇതുവരെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കനായില്ല. പടലപ്പിണക്കവും ഗ്രൂപ്പുപോരും ശക്തമായ സംസ്ഥാന കമ്മിറ്റിയിൽ അടിമൂക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് 50 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിനെ പോലും തെരഞ്ഞെടുക്കാൻ കഴിയാത്ത ദയനീയ സ്ഥിതിയിലാണ് പാർട്ടി. തിങ്കളാഴ്ച നേതാവിനെ തീരുമാനിക്കുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതെങ്കിലും കഴിഞ്ഞില്ല. ഇതോടെ കേന്ദ്ര നിരീക്ഷരായി വിനോദ് തവദെ, കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ എന്നിവരെ ദേശീയ നേതൃത്വം നിയമിച്ചു. ഇവർ തിങ്കളാഴ്ച രാത്രി വൈകി സംസ്ഥാനത്ത് എത്തുമെന്നാണ് അറിയുന്നത്.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതുവരെ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഇടക്കാല നേതാവാക്കാൻ പാർട്ടി തീരുമാനിച്ചു. ആരെ നേതാവാക്കണമെന്ന കാര്യത്തിൽ കേന്ദ്ര നിരീക്ഷകർ എം.എൽ.എമാരുടെ അഭിപ്രായം ആരായും. അടിമൂത്തതോടെ മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ യെദിയൂരപ്പയെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹമാണ് കേന്ദ്ര നിരീക്ഷകരെ നിയമിച്ച കാര്യം അറിയിച്ചത്. ഇവർ അഭിപ്രായങ്ങൾ ശേഖരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ച നടത്തും. ഇതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുക. എല്ലാ നടപടികളും രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും യെദിയൂരപ്പ അറിയിച്ചു.
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, എം.എൽ.എമാരായ ബസനഗൗഡ പാട്ടീൽ യത്നൽ, ആർ.അശോക, അരഗ ജ്ഞാനേന്ദ്ര തുടങ്ങിയവരുടെ പേരുകളാണ് പ്രതിപക്ഷ നേതാവിനായി പരിഗണനയിലുള്ളത്.
സംസ്ഥാന അധ്യക്ഷപദവി ലക്ഷ്യമിട്ട് യെദിയൂരപ്പയുടെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയും മുൻ മന്ത്രി വി.സോമണ്ണയും രംഗത്തുണ്ട്. സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീലിന്റെ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പു മുൻനിർത്തി പദവിയിൽ തുടരുകയാണ്.
പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്ന് നേരത്തേ കാട്ടീൽ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടായതിനു പിന്നാലെയാണ് പാർട്ടിയിൽ ഉൾപ്പോര് രൂക്ഷമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.