ബംഗളൂരു: ചിത്രദുർഗയിൽ റിട്ട. എക്സിക്യൂട്ടിവ് എൻജിനീയറുടെ അടഞ്ഞുകിടന്ന വീട്ടിൽ നാലരവർഷം പഴക്കമുള്ള അഞ്ച് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തി. ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടേതാണ് അസ്ഥികൂടമെന്നാണ് പൊലീസ് നിഗമനം. വീട്ടിൽ തൂക്കിയ 2019 ജൂൺ മാസത്തെ കലണ്ടറും ആ കാലത്തിനുശേഷം വീട്ടുകാരെ കണ്ടിട്ടില്ലെന്ന അയൽക്കാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പഴക്കം സംബന്ധിച്ച് പൊലീസിന്റെ നിഗമനത്തിന്റെ അടിസ്ഥാനം. ഫോറൻസിക് പരിശോധനയിലൂടെ ഇതു സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ പരിസരത്ത് തലയോട്ടി കണ്ടെന്ന വിവരം ലഭിച്ചാണ് പൊലീസ് സ്ഥലം പരിശോധിച്ചത്. രണ്ടുപേരുടെ അസ്ഥികൾ മുറിയിൽ കട്ടിലിലും രണ്ടെണ്ണം അതേ മുറിയിൽ തറയിലും അഞ്ചാമത്തേത് മറ്റൊരു മുറിയിൽ നിലത്തുമാണ് കിടന്നത്.വീടിന്റെ വാതിലിന്റെ ഭാഗങ്ങൾ തകർന്ന നിലയിലായിരുന്നു. ഇതുവഴി ഏതെങ്കിലും മൃഗങ്ങൾ അകത്തുകയറി തലയോട്ടി പുറത്തിട്ടതാകാമെന്നും പൊലീസ് പറഞ്ഞു. ആളുകളുമായി ഇടപഴകാത്ത കുടുംബത്തെ രോഗങ്ങൾ അലട്ടിയിരുന്നതായി അയൽക്കാർ അറിയിച്ചു.കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.