ബംഗളൂരു: പ്രസവത്തിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. രാമനഗര ബിഡദി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ശശികല, ഐശ്വര്യ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശശികല സർക്കാർ ജീവനക്കാരിയും ഐശ്വര്യ നാഷനൽ ഹെൽത്ത് സർവിസ് പ്രകാരമുള്ള കരാർ ജീവനക്കാരിയുമാണ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും ഡോ. ശശികലയെ സസ്പെൻഷൻ കാലയളവിൽ മാണ്ഡ്യ നാഗമംഗല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആരോഗ്യ വകുപ്പ് കമീഷണർ ഡി. രൺദീപ് ഞായറാഴ്ച ഇറക്കിയ അടിയന്തര ഉത്തരവിൽ പറയുന്നു.
സംഭവത്തിന്റെ വിഡിയോ കർണാടക കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ചു. പ്രസവം കഴിഞ്ഞ് രൂപ എന്ന യുവതിയെ ഡിസ്ചാർജ് ചെയ്യാൻ ഭർത്താവായ മഞ്ജുനാഥിൽനിന്ന് 6000 രൂപ ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മഞ്ജുനാഥ് തന്നെ മൊബൈലിൽ പകർത്തിയതുപോലെയാണ് വിഡിയോ ദൃശ്യമുള്ളത്. പൈസ കുറക്കണമെന്നും 2000 രൂപയേ നൽകാനാകൂ എന്നും മഞ്ജുനാഥ് ഡോക്ടർമാരോട് അപേക്ഷിക്കുന്നത് വിഡിയോയിലുണ്ട്. മാസാവസാനമായതിനാൽ ശമ്പളം ലഭിച്ചിട്ടില്ലെന്നും പറയുന്നത് കേൾക്കാം. എന്നാൽ, 6000 രൂപതന്നെ വേണമെന്ന് ഡോക്ടർമാർ ശഠിച്ചു. തങ്ങൾക്ക് രണ്ടു പേർക്കും 2000 വീതവും 'സാറി'ന് 2000വും നൽകേണ്ടതുണ്ടെന്ന് ഡോ. ഐശ്വര്യ പറയുന്നുണ്ട്. പൈസ കുറക്കണമെന്ന് യുവാവ് തുടർച്ചയായി അപേക്ഷിക്കുമ്പോൾ, ഇതേ ആവശ്യവുമായി മറ്റുള്ളവരും വരുമെന്നാണ് ഡോക്ടർമാരുടെ മറുപടി.
സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ കടുത്ത വിമർശനവുമായി പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. 40 ശതമാനം കമീഷൻ സർക്കാറിന് കീഴിൽ ആശുപത്രികൾപോലും അഴിമതി കേന്ദ്രമായെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പണമില്ലെങ്കിൽ ജീവനില്ല എന്നതാണ് കർണാടകയിലെ സർക്കാർ ആശുപത്രികളിലെ സാഹചര്യം. സമയാസമയം കമീഷൻ വിഹിതം എത്തിച്ചേരുന്നതിനാൽ ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ ഇതിനോട് കണ്ണടച്ചിരിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.