ബംഗളൂരു: എജുക്കേഷൻ ടെക് ഭീമന്മാരായ 'ബൈജൂസി'ന്റെ ബംഗളൂരുവിലെ ആസ്ഥാനത്ത് ജീവനക്കാർക്കുമേൽ രാജി സമ്മർദമെന്ന് കർണാടക സ്റ്റേറ്റ് ഐ.ടി-ഐ.ടി ഇതര ജീവനക്കാരുടെ യൂനിയൻ (കെ.ഐ.ടി.യു) ആരോപിച്ചു. തിരുവനന്തപുരത്തെ ഓഫിസിലെ ജീവനക്കാരെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റാൻ കമ്പനി ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരുവിലെ ഓഫിസിൽ രാജി സമ്മർദം. സ്വയം രാജിവെച്ചില്ലെങ്കിൽ കമ്പനിയിൽനിന്ന് പുറത്താക്കുമെന്നാണ് കമ്പനി അധികൃതരുടെ ഭീഷണിയെന്ന് കെ.ഐ.ടി.യു സെക്രട്ടറി സൂരജ് നിടിയങ്ക ചൂണ്ടിക്കാട്ടി. ജീവനക്കാരെ പുറത്താക്കുന്നതിലൂടെ അവരുടെ ഭാവി നശിപ്പിക്കുമെന്നാണ് ഭീഷണി.
മാനേജർമാരിൽനിന്നോ സുപ്പർവൈസർമാരിൽനിന്നോ ബോർഡ് അംഗങ്ങളിൽനിന്നോ ഉള്ള സമ്മർദങ്ങളുടെ പരിണിതഫലമായി ഒരു ജീവനക്കാരൻ രാജിവെച്ചാൽ അത് നിർബന്ധിത രാജിയായാണ് പരിഗണിക്കപ്പെടുക. ജീവനക്കാരെ രാജിവെപ്പിക്കാൻ വിവിധ തന്ത്രങ്ങളാണ് ബൈജൂസ് പയറ്റുന്നത്. കമ്പനിയിൽനിന്ന് പുറത്താക്കിയാൽ അത് ജീവനക്കാർ ഭാവിയിൽ മറ്റു കമ്പനികളിൽ പ്രവർത്തിക്കുന്നതിനെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ രാജിവെക്കണമെന്നുമാണ് ബൈജൂസിന്റെ എച്ച്.ആർ മാനേജർ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച ആവശ്യങ്ങൾ അടങ്ങിയ രേഖകളൊന്നും ജീവനക്കാർക്ക് കമ്പനി നൽകിയിട്ടില്ലെന്നും വ്യക്തിപരമായി ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുകയാണെന്നും യൂനിയൻ ചൂണ്ടിക്കാട്ടി.
പുറത്താക്കിയാൽ നഷ്ടപരിഹാരമടക്കമുള്ളവ കമ്പനി നൽകേണ്ടിവരും. എന്നാൽ, ജീവനക്കാർ സ്വയം രാജിവെച്ചാൽ ഇത്തരം ആനുകൂല്യങ്ങളൊന്നും നൽകേണ്ടതില്ല. ബൈജൂസിൽനിന്ന് ജീവനക്കാരെ പുറത്താക്കിയാൽത്തന്നെ എത്രപേർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നും പറയാനാവില്ലെന്ന് യൂനിയൻ പറഞ്ഞു. വ്യവസായ തർക്കവുമായി ബന്ധപ്പെട്ട നിയമപ്രകാരം, 100 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾക്ക് കൂട്ട പിരിച്ചുവിടലിനുമുമ്പ് സർക്കാറിൽനിന്നുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. ഈ നിയമം അനുശാസിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ കൂട്ട പിരിച്ചുവിടലിന് അനുമതിയുള്ളൂ. 1947ലെ വ്യവസായ തർക്ക നിയമത്തിലെ രണ്ട്-എ വകുപ്പു പ്രകാരം, അക്രമം പ്രവർത്തിക്കുന്നതടക്കമുള്ള പ്രവൃത്തികളിലേർപ്പെട്ടാലേ ജീവനക്കാരനെ പിരിച്ചുവിടാനാവൂ.
ഇതുപ്രകാരം, രാജിക്ക് നിർബന്ധം ചെലുത്തുന്നത് കുറ്റകരമാണ്. രാജിവെക്കാതിരിക്കാനുള്ള നിയമപരമായ എല്ലാ അവകാശവും ജീവനക്കാരനുണ്ടെന്ന് അവർ വ്യക്തമാക്കി. 'ബൈജൂസി'ൽനിന്ന് 12 പേരുടെ പരാതി തങ്ങൾക്ക് ലഭിച്ചതായും അവർ ചൂണ്ടിക്കാട്ടി. ബൈജൂസിന്റെ തിരുവനന്തപുരത്തെ ഓഫിസിൽ ജീവനക്കാർക്കുനേരെ രാജിസമ്മർദം ചെലുത്തിയ കമ്പനി അധികൃതർക്കെതിരെ ഒക്ടോബർ 25ന് ഒരു കൂട്ടം ജീവനക്കാർ കേരള മന്ത്രി വി. ശിവൻകുട്ടിയെ നേരിൽക്കണ്ട് പരാതി അറിയിച്ചിരുന്നു.
നഷ്ടപരിഹാരംതേടി ജീവനക്കാർ മന്ത്രിയെ കണ്ടതോടെ ബൈജൂസ് അധികൃതർ, ബംഗളൂരുവിലേക്ക് ട്രാൻസ്ഫർ ഒപ്ഷൻ ജീവനക്കാർക്കു മുന്നിൽവെച്ചു. വൻസാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ് തിരുവനന്തപുരത്തെ ഓഫിസിനുപുറമെ, സൗത്ത് ബംഗളൂരുവിലെ ഐ.ബി.സി നോളജ് പാർക്കിലെ ഓഫിസും പൂട്ടാനൊരുങ്ങുകയാണെന്നാണ് വിവരം.
ബംഗളൂരുവിൽ അഞ്ചുനിലകളിലായി പ്രവർത്തിക്കുന്ന ഓഫിസിൽ 4000ത്തോളം ജീവനക്കാരാണുള്ളത്. അരലക്ഷത്തോളം ജീവനക്കാരുള്ള ബൈജൂസിന്റെ അഞ്ചുശതമാനം പേരെ പടിപടിയായി പിരിച്ചുവിടുമെന്ന് കമ്പനി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, അടുത്ത സാമ്പത്തിക വർഷത്തോടെ 25 ശതമാനം ജീവനക്കാരെ (ഏകദേശം 12,000ത്തോളം പേർ) പിരിച്ചുവിടുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്ന യൂനിയനുകൾ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.