ബംഗളൂരു: കർണാടകയിൽ ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാസർകോട് സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. തളങ്കര നുസ്രത്ത് നഗറിൽ മുഹമ്മദ് കുഞ്ഞി (65), ഭാര്യ ആയിഷ (62), പേരമകൻ മുഹമ്മദ് (നാല്) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ മകൻ സിയാദ് (35), ഭാര്യ സജ്ന (32), മകൾ ഇസ്സ (രണ്ട്) എന്നിവർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ മൂവരും ഹുബ്ബള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
ഗദകിലെ ദർഗയിലേക്ക് കാറിൽ പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപെട്ടത്. ഹാവേരി ഹനഗലിൽ ഹുബ്ബള്ളി- ഹൻഗൽ പാതയിൽ മസക്കട്ടി ക്രോസിൽ ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെയാണ് അപകടം. എതിരെ വന്ന നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മൃതദേഹങ്ങൾ ഹനഗൽ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അപകട വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ ഹുബ്ബള്ളിയിലേക്ക് തിരിച്ചു.
2014ൽ കാസർകോട് എം.ജി റോഡിലെ ഫർണിച്ചർ കടയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുൽ ആബിദീന്റെ മാതാപിതാക്കളാണ് അപകടത്തിൽ മരിച്ച മുഹമ്മദ് കുഞ്ഞിയും ആയിശയും. മറ്റു മക്കൾ: അബ്ദുറഷീദ്, മസ്ഊദ്, ജുനൈദ്, ജഅ്ഫർ സാദിഖ്, സുഹൈൽ, മുസമ്മിൽ, ഇബ്രാഹിം, ഫസലുറഹ്മാൻ, ഖദീജ, മറിയം ബീവി, നുസൈബ, ഉമ്മുകുൽസു, ബിൽകീസ്. മരുമക്കൾ: അസീസ്, മുസ്തഫ, അഷ്റഫ്, ഹാരിസ്, മൻസൂർ, മിസ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.