മംഗളൂരു: ബണ്ട്വാൾ ബി.സി റോഡിൽ നബിദിനത്തിൽ സംഘ്പരിവാർ കലാപം ആസൂത്രണം ചെയ്തിരുന്നതിന്റെ കൂടുതൽ സൂചനകൾ പുറത്ത്.
ഇസ്ലാം മതത്തെയും പ്രവാചകൻ മുഹമ്മദിനെയും അധിക്ഷേപിക്കുന്ന വിഡിയോ, ശബ്ദസന്ദേശങ്ങൾ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് ചൊവ്വാഴ്ച കേസെടുത്തു. മുഹമ്മദ് സർഫറാസ് നവാസിന്റെ പരാതിയിൽ ബി.ജെ.പി ബൽത്തില മഹാശക്തി കേന്ദ്ര മുൻ പ്രസിഡന്റ് യശോധർ കർബെട്ടു, മുഹമ്മദ് റഫീഖിന്റെ പരാതിയിൽ ബി.ജെ.പി നേതാവ് ഭരത് കുംഡേലു എന്നിവർക്കെതിരെയാണ് ചൊവ്വാഴ്ച കേസെടുത്തത്.
പ്രകോപന പ്രസംഗങ്ങൾ നടത്തിയ വി.എച്ച്.പി ദക്ഷിണ കന്നട -ഉഡുപ്പി മേഖല സെക്രട്ടറി ശരൺ പമ്പുവെൽ, ബജ്റംഗ്ദൾ നേതാവ് പുനീത് അത്താവർ എന്നിവർക്കെതിരെ തിങ്കളാഴ്ച കേസെടുത്തിരുന്നു. ബണ്ട്വാൾ നഗരസഭ മുൻ ചെയർമാൻ മുഹമ്മദ് ശരീഫിനേയും അധിക്ഷേപിച്ചു. ശബ്ദ, വിഡിയോ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഞായറാഴ്ച രാത്രി വ്യാപകമായി പ്രചരിപ്പിച്ച് മതസ്പർധയുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച രാവിലെ നബിദിന റാലിക്കെതിരെ ‘ബി.സി റോഡ് ചലോ’ മാർച്ചും റാലിയും സംഘടിപ്പിച്ചത്. എന്നാൽ, പൊലീസ് തടഞ്ഞതിനാൽ ആസൂത്രണങ്ങൾ പാളി. മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശ ചതുർഥി ഘോഷയാത്രക്ക് നേരെ നേരത്തേ കല്ലേറുണ്ടായ സംഭവം തീവ്രഹിന്ദുത്വ സംഘടനകളും ബി.ജെ.പിയും ഏറ്റെടുത്ത് പ്രചാരണം നടത്തുന്നുണ്ട്. മാണ്ഡ്യയിൽ നിന്നുള്ള നേതാക്കൾ ഞായറാഴ്ച രാത്രി മംഗളൂരുവിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.