ബംഗളൂരു: കർണാടക ചിത്രദുർഗയിലെ ബേഗൂർ ചന്ന കേശവ ക്ഷേത്രത്തിൽ തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതായി കുറുബ സമുദായ സന്യാസിയുടെ വെളിപ്പെടുത്തൽ.
കനക ഗുരു പീഠയിലെ മഠാധിപതി ഈശ്വരാനന്ദ പുരി സ്വാമിജിയാണ് ആരോപണം ഉന്നയിച്ചത്. ഹൊസദുർഗ സാനേഹള്ളി മഠത്തിൽ സമുദായ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ചന്നകേശവ ക്ഷേത്രത്തിൽ കഴിഞ്ഞ ഡിസംബറിൽ വൈകുണ്ഡ ഏകാദശിക്ക് താൻ സന്ദർശിച്ചുമടങ്ങിയ ശേഷം ക്ഷേത്ര പരിസരം ശുദ്ധീകരണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഹൊസദുർഗയിലെ കുഞ്ചിടിഗ മഠത്തിലെ ശാന്തിവീര സ്വാമിജിക്കൊപ്പമായിരുന്നു ക്ഷേത്രസന്ദർശനം. താൻ ഒരു ഹിന്ദു സമുദായത്തിലെ മഠാധിപതിയായിട്ടും ജാതിവിവേചനം നേരിട്ട ചന്നകേശവ ക്ഷേത്രത്തിലേക്ക് ഇനി സന്ദർശനം നടത്തില്ലെന്നും ഈശ്വരാനന്ദ പുരി സ്വാമി വ്യക്തമാക്കി. എന്നാൽ, ആരോപിക്കപ്പെടുന്ന സംഭവം നടന്നിട്ടില്ലെന്നും എല്ലാ വർഷവും സ്വാമി ക്ഷേത്രം സന്ദർശിക്കാറുണ്ടെന്നും ചന്നകേശവ ക്ഷേത്ര പൂജാരി ശ്രീനിവാസ് പ്രതികരിച്ചു. കർണാടകയിലെ പ്രബലമായ പിന്നാക്ക വിഭാഗമാണ് കുറുബർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.