ബംഗളൂരു: കാവേരി വിഷയത്തിൽ സുപ്രീംകോടതിയിൽ കർണാടക പുനഃപരിശോധന ഹരജി നൽകും. തമിഴ്നാടിന് കർണാടക 3000 ഘനയടി കാവേരിവെള്ളം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹരജി നൽകുക. വിവിധ മേഖലയിലെ വിദഗ്ധരുമായി നടന്ന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
കാവേരി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന ഉത്തരവ് പാലിച്ചില്ലെങ്കിൽ കർണാടക നിയമപരമായ വിവിധ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിൽ. കർഷകർ, ദലിതുകൾ, തൊഴിലാളികൾ, കന്നട അനുകൂല സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
വെള്ളം വിട്ടുകൊടുക്കില്ല എന്നതു തന്നെയാണ് കർണാടകയുടെ നിലപാട്. എന്നാൽ, ഇങ്ങനെ ചെയ്താൽ സംസ്ഥാനത്തെ അണക്കെട്ടുകൾ കേന്ദ്രം ഏറ്റെടുക്കുന്ന സ്ഥിതി വരും. കോടതിയലക്ഷ്യ നടപടികളും നേരിടേണ്ടി വരും.
സംസ്ഥാന സർക്കാർ പിരിച്ചുവിടപ്പെട്ടേക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതിനിടെ കർണാടകയിൽ നിന്നുള്ള വിരമിച്ച സുപ്രീംകോടതി ജഡ്ജിമാർ, മുൻ അഡ്വ. ജനറൽമാർ, ജലമേഖലയിലെ വിദഗ്ധർ എന്നിവരുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. വെള്ളം പങ്കുവെക്കുന്ന കാര്യത്തിൽ ഫോർമുല രൂപപ്പെടുത്താനാണിത്. ചട്ടപ്രകാരം തന്നെ വർഷത്തിൽ കർണാടക 177.25 ടി.എം.സി അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണം. 284.85 ടി.എം.സി അടി വെള്ളമാണ് കർണാടകക്ക് ആവശ്യമുള്ളത്. ഈ വർഷം ആഗസ്റ്റിൽ മഴ ഏറെ കുറവായിരുന്നു. സെപ്റ്റംബറിൽ പോലും മതിയായ മഴ കിട്ടിയിട്ടില്ല.
നിലവിൽ 43 ടി.എം.സി അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുത്തിട്ടുണ്ട്. ഉത്തരവ് പ്രകാരം 123 ടി.എം.സി അടി വെള്ളം കൂടി നൽകണം. എന്നാൽ, മഴക്കുറവുമൂലം അത്രയും നൽകാൻ ഇതുവരെ കർണാടകക്ക് കഴിഞ്ഞിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ)യുടെ എല്ലാ യോഗത്തിലും തമിഴ്നാടിന് വെള്ളം നൽകാനുള്ള ഉത്തരവിനെതിരെ കർണാടക പ്രതിഷേധം അറിയിക്കാറുണ്ട്. നിലവിൽ കൊടുക്കാൻ മാത്രം വെള്ളം തങ്ങളുടെ പക്കൽ ഇല്ലെന്ന ഹരജി സുപ്രീം കോടതിയിൽ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലസേചനത്തിന് കർണാടകക്ക് 70 ടി.എം.സി അടി വെള്ളം ആവശ്യമാണ്. 30 അടി വെള്ളം കുടിവെള്ള പദ്ധതികൾക്ക് വേണം. വ്യാവസായിക ആവശ്യങ്ങൾക്കായി മൂന്ന് അടിയും വേണം. ഇത്തരത്തിൽ 106 ടി.എം.സി അടി വെള്ളം ആവശ്യമാണ്. പക്ഷേ, നിലവിലുള്ളത് ആകെ 50 ടി.എം.സി അടി മാത്രമാണ്. കുടിവെള്ള ആവശ്യങ്ങൾക്കാണ് സംസ്ഥാനം മുൻഗണന നൽകുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
കാവേരി സംബന്ധമായ ഉത്തരവുകളൊന്നും കർണാടകക്ക് അനുകൂലമായി വരാറില്ലെന്നും സംസ്ഥാന സർക്കാറാണ് ഇക്കാര്യത്തിൽ കർഷകരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച നിലപാട് എടുക്കേണ്ടതെന്നും കർഷക നേതാവ് കുറുബുറ ശാന്തകുമാർ പറഞ്ഞു. കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ഉത്തരവുകൾ അശാസ്ത്രീയമാണെന്നും നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സെഷൻ വിളിക്കണമെന്നും ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് മുഖ്യമന്ത്രി ചന്ദ്രു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.