ബംഗളൂരു: ഏറെക്കാലമായി കാത്തിരിക്കുന്ന കാവേരി സ്റ്റേജ് അഞ്ച് പദ്ധതിയുടെ പൈപ് ലൈനുകളുടെയും വിതരണ സംവിധാനങ്ങളുടെയും പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. നഗരത്തിലെ 110ലധികം ഏരിയകളിലേക്ക് ജലമെത്തിക്കുന്ന പദ്ധതി കമീഷൻ ചെയ്യുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ബി.ഡബ്ല്യു.എസ്.എസ്.ബി. ഗോട്ടിഗരെ ഗ്രൗണ്ട് റിസർവോയറിലേക്ക് ഇതിനകം തന്നെ കാവേരി സ്റ്റേജ് 5 പ്രകാരം ജലമെത്തിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചയുടൻ ഉപഭോക്താക്കൾക്ക് വെള്ളം വിതരണം ചെയ്യാൻ തുടങ്ങുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ റാംപ്രസാദ് മനോഹർ പറഞ്ഞു.
പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ജൂലൈയിൽ പൂർത്തിയായിരുന്നെങ്കിലും പമ്പുകൾ, വാൽവുകൾ, ട്രങ്ക് ലൈനുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ സമഗ്രമായ പരിശോധനക്ക് വിധേയമാക്കിയതിനാലാണ് സമയമെടുത്തതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടൊപ്പം തന്നെ ബി.ഡബ്ല്യു.എസ്.എസ്.ബി കാവേരി ജലകണക്ഷൻ ഡ്രൈവും നടത്തുന്നുണ്ടെങ്കിലും പ്രതികരണം മന്ദഗതിയിലാണ്. ഈ 110 ഏരിയകളിലായി മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾ ഉണ്ടെങ്കിലും വാട്ടർ കണക്ഷനുകൾക്കായി ഒരു ലക്ഷത്തിൽ താഴെ അപേക്ഷകൾ മാത്രമേ ബി.ഡബ്ല്യു.എസ്.എസ്.ബിക്ക് ലഭിച്ചിട്ടുള്ളൂ. പദ്ധതി പൂർണ തോതിൽ പ്രവർത്തനക്ഷമമായി ജലവിതരണം ആരംഭിക്കുന്നതോടെ കൂടുതൽ പേർ കണക്ഷനെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.