ബംഗളൂരു: ലക്ഷ്യത്തിലെത്താൻ ഇനി ഒരു ദിനം മാത്രം ബാക്കി. ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ - മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദു ഇറക്കം (സോഫ്റ്റ് ലാൻഡിങ്) നടത്തുന്നതിന് മുന്നോടിയായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ലാൻഡർ മൊഡ്യൂൾ ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമായി ആശയവിനിമയ ബന്ധം സ്ഥാപിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ‘വെൽകം ബഡ്ഡി’ എന്ന സന്ദേശത്തോടെ ലാൻഡർ മൊഡ്യൂളിനെ ഓർബിറ്റർ സ്വാഗതം ചെയ്തു. ഇരു പേടകങ്ങളും പരസ്പരം സന്ദേശം കൈമാറി. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ട്രാക്കിങ് കേന്ദ്രമായ ഇസ്റോ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലെ (ഇസ്ട്രാക്) മിഷൻ ഓപറേഷൻ കോംപ്ലക്സിൽനിന്ന് (മോക്സ്) ലാൻഡറിലേക്ക് നേരിട്ടും ഓർബിറ്റർ വഴിയും ആശയവിനിമയം നടത്താനാകും.
ഓർബിറ്ററില്ലാതെയാണ് ചന്ദ്രയാൻ- മൂന്ന് പേടകം വിക്ഷേപിച്ചത്. 2019 സെപ്റ്റംബർ ഏഴിന് പുലർച്ച 1.30 ഓടെ ചന്ദ്രനിൽനിന്ന് 2.1 കിലോമീറ്റർ മാത്രം അകലെ ലാൻഡറിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ചന്ദ്രയാൻ- രണ്ട് ദൗത്യം പരാജയപ്പെട്ടെങ്കിലും അതിലെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമായി ചന്ദ്രനെ വലംവെക്കുന്നുണ്ട്. ചന്ദ്രയാൻ- മൂന്ന് ദൗത്യത്തിലും ഈ ഓർബിറ്ററിന്റെ സേവനമാണ് ഉപയോഗപ്പെടുത്തുക. ചന്ദ്രയാൻ - മൂന്ന് അയക്കുന്ന സന്ദേശങ്ങളും പര്യവേക്ഷണ വിവരങ്ങളും ഓർബിറ്റർ വഴി ഇസ്ട്രാക്കിലെ മോക്സിൽ ലഭിക്കും. തിരിച്ച് ലാൻഡറുമായുള്ള ആശയവിനിമയത്തിനും ഓർബിറ്ററിന്റെ സേവനം ഉപയോഗപ്പെടുത്തും. ഒരു വർഷം ആയുസ്സ് നിശ്ചയിച്ച ഓർബിറ്ററിന്റെ പ്രവർത്തന കാലയളവ് ഏഴു വർഷമാക്കി ഐ.എസ്.ആർ.ഒ ഉയർത്തിയിരുന്നു.
അതേസമയം, ശനിയാഴ്ച ലാൻഡർ പകർത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ചിത്രങ്ങൾ തിങ്കളാഴ്ച രാവിലെ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. മൃദുവിറക്കം നടത്തേണ്ട ചന്ദ്രോപരിതലത്തിലെ സാഹചര്യങ്ങൾ തിരിച്ചറിയാൻ ഉപകരിക്കുന്ന ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്ഡൻസ് കാമറ (എൽ.എച്ച്.ഡി.എ.സി) പകർത്തിയ ചിത്രങ്ങളാണിവ. പേടകത്തിന് ഇറങ്ങാൻ ഗർത്തങ്ങളും പാറകളും ഇല്ലാത്ത സുരക്ഷിതമായ ഉപരിതലം കണ്ടെത്തുന്ന ഈ കാമറ ഐ.എസ്.ആർ.ഒയുടെ അഹ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററാണ് (സാക്) വികസിപ്പിച്ചത്.
ഇതുവരെയുള്ള എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ലാൻഡർ മൊഡ്യൂൾ ചന്ദ്രനോട് 25 കിലോമീറ്റർ അടുത്തും 134 കിലോമീറ്റർ അകന്നും ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് 6.04ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദുവിറക്കം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.എസ്.ആർ.ഒ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മൃദുവിറക്കത്തിന്റെ ലൈവ് സംപ്രേഷണം ബുധനാഴ്ച ൈവകീട്ട് 5.20ന് ആരംഭിക്കുമെന്നും ഇസ്റോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.