ചന്ദ്രയാൻ-മൂന്ന്; അവസാനഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരം

ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ പേടകത്തെ ബുധനാഴ്ച രാവിലെ മൂന്നുമണിക്കൂറോളം നീണ്ട പ്രക്രിയയിലൂടെയാണ് ചന്ദ്രനിൽനിന്ന് കുറഞ്ഞത് 153 കിലോമീറ്ററും കൂടിയത് 163 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ഇതോടെ ഭ്രമണപഥം താഴ്ത്തൽ പൂർത്തിയായതായി ഐ.എസ്.ആർ.ഒ അറിയിച്ചു.

ചന്ദ്രനിൽ മൃദുവിറക്കം നടത്തുന്നതിനു മുമ്പേയുള്ള അവസാന ഭ്രമണപഥത്തിലാണ് ഇപ്പോൾ ചന്ദ്രയാൻ-മൂന്ന് സഞ്ചരിക്കുന്നത്. വ്യാഴാഴ്ച പേടകത്തിലെ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും തമ്മിൽ വേർപെടുത്തുന്ന നിർണായകഘട്ടം നടക്കും. വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നുപേരുള്ള റോവറും അടങ്ങുന്നതാണ് ലാൻഡർ മൊഡ്യൂൾ. ഇരു മൊഡ്യൂളുകളും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രത്യേകമായി സഞ്ചരിക്കും. പിന്നീട് ലാൻഡർ മൊഡ്യൂളിനെ ഡീ-ബൂസ്റ്റിലൂടെ (വേഗത കുറക്കുന്ന പ്രക്രിയ) ചന്ദ്രനോട് ഏറ്റവും അടുത്ത ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും.

ചന്ദ്രനിൽനിന്ന് കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും അകലെയാണ് ഈ ഭ്രമണപഥം. ലാൻഡർ മൊഡ്യൂളിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ് ഈ നിർണായകപ്രക്രിയ പൂർത്തിയാക്കുക. ചന്ദ്രനിൽനിന്ന് 30 കി.മീ. അകലെയെത്തുമ്പോൾ ലാൻഡർ മൊഡ്യൂൾ ദക്ഷിണ ധ്രുവത്തിൽ മൃദുവിറക്കത്തിന് തയാറെടുക്കും. ഈ ഘട്ടത്തിൽ ചന്ദ്രന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രനിലേക്ക് കുത്തനെയിറക്കാൻ കഴിയുംവിധത്തിൽ ദിശമാറ്റുകയും ലാൻഡർ മൊഡ്യൂളിന്റെ ചലനവേഗം നിയന്ത്രിക്കുകയും ചെയ്യൽ അതിപ്രധാനമാണ്. ചന്ദ്രയാൻ-രണ്ട് ദൗത്യത്തിൽ ലാൻഡറിന്റെ ​ത്രസ്റ്ററുകളിലൊന്ന് പ്രവർത്തിക്കാതായതോടെ ചലനവേഗത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചന്ദ്രനിൽ ഇടിച്ചിറക്കുകയുമായിരുന്നു. എന്നാൽ, പിഴവുകൾ പരിഹരിച്ചുള്ള ചന്ദ്രയാൻ-മൂന്ന് ദൗത്യം ആഗസ്റ്റ് 23ന് വൈകീട്ട് വിജയകരമായി മൃദുവിറക്കം നടത്തുമെന്നാണ് ഐ.എസ്.ആർ.ഒയുടെ പ്രതീക്ഷ.

Tags:    
News Summary - Chandrayaan-3; The final stage orbital descent was also successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.