ബംഗളൂരു: ചന്നപട്ടണ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ജെ.ഡി.എസിന്റെ നിഖിൽ കുമാരസ്വാമി മത്സരിക്കും. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ മുന്നോടിയായി മണ്ഡലത്തിലെ ബിഡദിയിൽ ചേർന്ന പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായി.
നിഖിൽ സ്ഥാനാർഥിയാകാൻ പ്രവർത്തകരുടെയും നേതാക്കളുടെയും സമ്മർദമുണ്ടെന്ന് പിതാവ് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി യോഗത്തിനുശേഷം പറഞ്ഞു. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ച് പരാജയപ്പെട്ട നിഖിൽ ഇത്തവണ ചന്നപട്ടണയിൽ മത്സരിക്കാനില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തനരംഗത്തിറങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞിരുന്നു. ജെ.ഡി.എസിന് ശക്തിയുള്ള മണ്ഡലമാണ് കഴിഞ്ഞ രണ്ടുതവണ കുമാരസ്വാമിയെ വിജയിപ്പിച്ച ചന്നപട്ടണ. ലോക്സഭാംഗമായതോടെ കുമാരസ്വാമി രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ശക്തമായ ശ്രമം നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ് ഇപ്പോൾ ശിവകുമാർ. കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.