ബംഗളൂരു: നമ്മ മെട്രോയുടെ മൂന്നാംഘട്ട വികസനപ്രവൃത്തികൾക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അംഗീകാരം നൽകി. 16328 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാറിെന്റ അംഗീകാരത്തിന് കാക്കുകയാണ്. ഫേസ് രണ്ട്, ഫേസ് മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ മെട്രോയുടെ ശേഷി അതിന്റെ പാരമ്യത്തിലെത്തും. ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) മാനേജിങ് ഡയറക്ടർ അൻജൂം പർവേസ് ബംഗളൂരു ടെക് സമ്മിറ്റിൽ നടന്ന 'ബംഗളൂരുവിലെ ഗതാഗതത്തിന്റെ ഭാവി' സെമിനാറിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
2025 ജൂണോടെ മെട്രോ 175 കി.മീറ്റർ ദൈർഘ്യത്തിൽ ആകും. നമ്മ മെട്രോ രണ്ട്, മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ 2041ൽ ആകെ ദൈർഘ്യം 314 കി.മീറ്ററും ആകും. ഫേസ് മൂന്നിൽ രണ്ട് റോഡ് കം മെട്രോ മേൽപാത പണിയും. ഇതിൽ ഒന്ന് കനകപുര റോഡ് ജങ്ഷനിൽ നിന്നും സറക്കി ജങ്ഷനിൽ നിന്നുമാണ്. 1.366 കി.മീറ്ററിലധികമാണ് ഇതിന്റെ ദൈർഘ്യം. മറ്റൊന്ന് കാമാക്യക്കും ഇറ്റമാടിനും ഹെസ്കെരെഹള്ളി ജങ്ഷനും ഇടയിലാണ്. ഇതിന് 1.565 കി.മീറ്ററിലധികം ദൈർഘ്യമുണ്ടാകും. 2028ഓടെ ഫേസ് രണ്ട് പ്രവൃത്തികൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. ബഹുവിധ ഗതാഗത സംവിധാനങ്ങളുടെ സംയോജനവും ആളുകളെ പൊതുഗതാഗതത്തിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് നഗര മൊബിലിറ്റിയിലെ ഏറ്റവും വലിയ വെല്ലുവിളി. യാത്രക്കാർക്ക് ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി മൊബിലിറ്റി രംഗത്തെ സ്റ്റാർട്ടപ്പുകളിൽനിന്ന് മികച്ച പിന്തുണ ബി.എം.ആർ.സി.എലിന് ലഭിക്കുന്നുണ്ട്.
പണം അടക്കാൻ ക്യു.ആർ. കോഡ് സ്കാൻ, യൂനിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) തുടങ്ങിയ രീതികൾ കൊണ്ടുവന്നതിനോട് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
മെട്രോ സ്റ്റേഷനുകളിൽ ബസ് സ്റ്റോപ്പുകൾ കൊണ്ടുവരാൻ ബി.എം.ടി.സിയുമായി ചർച്ചനടത്തിവരുകയാണ്. ബൈക്ക് ടാക്സികളും കാർ പൂളിങ്ങും സർക്കാർ പ്രോത്സാഹിപ്പിക്കണം. മെട്രോ സ്റ്റേഷനുകൾക്കകത്തും പുറത്തും യാത്രക്കാർക്ക് ഷോപ്പിങ് അവസരങ്ങൾ ലഭ്യമാക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ബംഗളൂരുവിൽ 55 കിലോമീറ്റർ മെട്രോ പാതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.